ഇടുക്കി: തമിഴ്‌നാട് വനമേഖലയിലേക്കു കടന്ന അരിക്കൊമ്പന്‍ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന സിഗ്‌നില്‍ തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപാറയില്‍ നിന്നുള്ളതാണ്. ഇത് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ അരിക്കാമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുകയാണെന്ന സംശയമുണ്ടാക്കുന്നത്.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.
ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് മാറ്റിയത്.