ന്യൂഡല്‍ഹി: തടവുകാര്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. തില്ലു താജ്പുരിയ എന്ന സുനില്‍ മാനാണ് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റൊരു തടവുകാരനായ രോഹിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2021ലെ രോഹിണി കോടതി വെടിവയ്പ് കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട തില്ലു താജ്പുരിയ. ഈ വെടിവയ്പില്‍ ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗി കൊല്ലപ്പെട്ടിരുന്നു. ജയിലില്‍വച്ച് എതിര്‍ ഗ്യാങ്ങിലെ നേതാവ് യോഗേഷ് തുണ്ടയാണ് തില്ലുവിനെയും കൂട്ടാളികളെയും മര്‍ദിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ തില്ലുവിന്റെ മരണം സ്ഥിരീകരിച്ചു.