തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷന്‍ തുക മുഴുവനായും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. 1,600 രൂപയാണ് പെന്‍ഷനെന്നിരിക്കെ 200 രൂപ കുറഞ്ഞ് 1,400 രൂപയാണ് പലര്‍ക്കും അക്കൗണ്ടിലെത്തുന്നത്. അതേസമയം കുറവു വന്ന തുക കേന്ദ്രവിഹിതമാണെന്നും വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രവിഹിതം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കിത്തുടങ്ങിയതാണ് ഈ കുറവിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ 200 രൂപ മുതല്‍ 500 രൂപ വരെ വരെ കേന്ദ്രത്തിന്റെ വിഹിതമായി വരുന്നുണ്ട്. ഈ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാനായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ എടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഈ തുക സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ആ പണവും ചേര്‍ത്ത് മാസം 1,600 രൂപ നല്‍കുകയാണ് ചെയ്തിരുന്നത്.