തിരുവനന്തപുരം: വന്ദേ ഭാരതിന് പ്രധാനമന്ത്രി നരേന്ദ്രമോദി.പച്ചക്കൊടി വീശുമ്പോള്‍ കേരളത്തിന് ഇത് അഭിമാന നിമിഷം, 10.30-നാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരതിന്റെ ഫ്ളാഗ് ഓഫ് നടന്നത്. ഫ്ളാഗ് ഓഫിന് മുന്‍പ് വിവിധ രംഗത്ത് കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളുമായും നരേന്ദ്രമോദി സംവദിച്ചു. കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ ഉപന്യാസ, കവിതാ,ചിത്രരചന മത്സരങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ വിജയികളായ വിദ്യാര്‍ത്ഥികളും ആദ്യ യാത്രയിലുണ്ടായിരുന്നു.
വന്‍ കരഘോഷത്തോടെയാണ് വന്ദേ ഭാരതിനെ ജനങ്ങള്‍ സ്വീകരിച്ചത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ നേതാക്കാള് പങ്കെടുത്തിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് നാളെ കാസര്‍കോട് നിന്ന് ആദ്യ സര്‍വീസ് നടത്തും. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് വെള്ളിയാഴ്ച മുതലാണ്. ഒരാഴ്ചത്തെ ടിക്കറ്റുകള്‍ ഏറെക്കുറെ പൂര്‍ണമായും റിസര്‍വ് ചെയ്ത് കഴിഞ്ഞു.
വിവിധ സ്റ്റേഷനുകളില്‍ നിന്നായി 1,000 വിദ്യാര്‍ത്ഥികളാണ് സൗജന്യ യാത്ര നടത്തിയത്. ആദ്യയാത്രയില്‍ മുഴുവന്‍ സമയവും 1000 യാത്രക്കാരുണ്ട്. സംസ്ഥാനത്തെ എല്ലാ എംപിമാരെയും എംഎല്‍എമാരെയും യാത്രയ്ക്ക് ക്ഷണിച്ചിരുന്നു.ഫ്ളാഷ് മോബ് ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇന്നത്തെ യാത്രയില്‍ 14 സ്റ്റോപ്പുകളിലും ട്രെയിന് വന്‍ വരവേല്‍പ്പുണ്ടാകും. 11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കല്‍ സെക്ഷന്‍ റെയില്‍പ്പാതയും രാജ്യത്തിന് സമര്‍പ്പിക്കും. 3,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും.