ന്യൂഡല്‍ഹി: 2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന വരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1.87 ലക്ഷം കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭകരമായ വാര്‍ത്ത! കുറഞ്ഞ നികുതി നിരക്കുകള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന നികുതി പിരിവ്, ജിഎസ്ടി എങ്ങനെ സംയോജനവും സാമ്പത്തിക അച്ചടക്കവും വര്‍ദ്ധിപ്പിച്ചു എന്നതിന്റെ വിജയമാണ് ഇത് കാണിക്കുന്നത്,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
2023 ഏപ്രിലിലെ മൊത്തം ജിഎസ്ടി കളക്ഷന്‍ 1,87,035 കോടി രൂപയാണ്. ഇതുവരെയുള്ളതില്‍ റെക്കോര്‍ഡ് തുകയാണിത്. 2022 ഏപ്രിലില്‍ ലഭിച്ചത് 1,67,540 കോടി രൂപയായിരുന്നു. ഇതിനേക്കാള്‍ 19,495 കോടി രൂപ അധികമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലെ ജിഎസ്ടി വരുമാനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ 12 ശതമാനം കൂടുതലാണ്. കഴിഞ്ഞ മാസം ഏപ്രില്‍ 20-ന് മാത്രം 9.8 ലക്ഷം ഇടപാടുകള്‍ നടന്നിരുന്നു. ഇതിലൂടെ ഒരു ദിവസം കൊണ്ട് മാത്രം ലഭിച്ച ഏറ്റവും ഉയര്‍ന്ന നികുതി 68,228 കോടി രൂപയാണ്.
ഏപ്രിലില്‍ ലഭിച്ച ജിഎസ്ടി വരുമാനത്തില്‍, സിജിഎസ്ടി 38,440 കോടിയും, എസ്ജിഎസ്ടി 47,412 കോടിയും, ഐജിഎസ്ടി 89,158 കോടിയും ( ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്തത് 34,972 കോടിയുള്‍പ്പെടെ) സെസ് 12,025 കോടി രൂപയുമാണ്.