തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം. കഴക്കൂട്ടം – കാരോട് ബൈപ്പാസിലാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്.(Tourist bus caught fire while running in Thiruvananthapuram)
അപകടസമയത്ത് പതിനെട്ടോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോൾ ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.