പത്തനംതിട്ട: പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിലാണ് സംഭവം. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിന്റെ ബസാണ് മറിഞ്ഞത്.(Tourist bus accident; many people injured)
അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു ബസുകളിലായാണ് സംഘം യാത്ര പുറപ്പെട്ടത്. ഇതില്‍ ഒരു ബസ് രാവിലെ ആറരയോടെ കല്ലുകുഴി ഭാഗത്തുവെച്ച് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.
51 പേരാണ് മറിഞ്ഞ ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 46 ഓളം പേര്‍ക്ക് ചെറിയ പരിക്കുണ്ട്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗതയാണോ അപകടകാരണമെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്.