ആലപ്പുഴ: ആളില്ലാത്ത വീട്ടിൽക്കയറി മോഷ്ടിച്ച ശേഷം അതെ വീട്ടിൽ തന്നെ കിടന്നുറങ്ങിയ കള്ളനെ കയ്യോടെ പിടികൂടി പോലീസ് സംഘം. ആലപ്പുഴയിലാണ് സംഭവം. മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തഃസംസ്ഥാന മോഷ്ടാവിനെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.(thief was arrested in a house in alappuzha)
പോലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് ഓടിച്ചിട്ടുപിടികൂടുകയായിരുന്നു. നഗരസഭാ പരിസരത്തെ ആൾത്താമസമില്ലാത്ത വീട്ടിലാണ് ഇയാൾ മോഷണത്തിനായി കയറിയത്. ഈ സമയം വീട്ടുടമസ്ഥന്റെ സഹോദരൻ ചെടികൾ നനയ്ക്കാനായി എത്തി. തുടർന്ന് വീട്ടിനുള്ളിൽ ആളനക്കം തിരിച്ചറിഞ്ഞ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ ഇരുമ്പും തടിയും മറ്റും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ മോഷ്ടാവാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ വിവിധയിടങ്ങളിൽ കുഴിച്ചിട്ടിരുന്ന മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്.