യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം. മാജിക്ക് മഷ്റൂം ഉപയോഗിക്കാനും വാങ്ങാനും മാത്രമായി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നിരവധി പേരാണ് വരുന്നത്. തണുപ്പേറിയ ഉയർന്ന മലനിരകളിൽ, മഴക്കാലത്ത് കാട്ടുപോത്തിന്റെ ചാണകത്തിലാണ് മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന ലഹരിക്കൂൺ മുളയ്ക്കുന്നത്. കൂണിന്റെ രുചി കയ്പായതിനാൽ ഇതോടൊപ്പം കഴിക്കാനായി തേൻ, ചോക്ലേറ്റ്, മിഠായി,ഐസ്ക്രീം തുടങ്ങിയവ വിൽപ്പനക്കാർ തന്നെ നൽകും.
മിഠായിയോടൊപ്പം കഴിക്കുന്നതിന് പുറമേ ഓംലെറ്റിൽ ചേർത്തും, പഞ്ചസാര ലായനിയിൽ ചേർത്ത് രസഗുള പോലെയും മാജിക്ക് മഷ്റൂം അകത്താക്കുന്നവരുമുണ്ട്. കഞ്ചാവിനെക്കാൾ ലഹരി നൽകുന്ന മാജിക്ക് മഷ്റൂം കഴിച്ച് അര മണിക്കൂറിനകം തലയ്ക്ക് പിടിക്കുമെന്നാണ് പറയുന്നത്. ഒരു തവണ കഴിച്ചാൽ ഏകദേശം അഞ്ചു മണിക്കൂറിലേറെ ലഹരി നീണ്ടുനിൽക്കുമെന്നതും മാജിക്ക് മഷ്റൂമിനെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ പ്രിയങ്കരമാക്കുന്നു.
വർഷം മുഴുവനും തണുത്ത കാലാവസ്ഥയുള്ള കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും മാജിക് മഷ്റൂം എത്തുന്നത്. കേരളത്തിൽ നിലീഗിരി മേഖലകളിലും മൂന്നാറിലും ഇവ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഓംലെറ്റിൽ ചേർത്ത് മാജിക് മഷ്റൂം നൽകുന്ന സംഭവവും വാർത്തയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിലെ ചില ഹോട്ടലുകൾ സൂപ്പിലും ഓംലെറ്റിലും വരെ ഇത് ചേർത്ത് ഉപയോഗിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
ലഹരിവസ്തുവെന്ന നിലയിൽ ഇന്ത്യയിൽ നിരോധനമുള്ള കൈവശം വച്ച പ്രതിക്ക് ജാമ്യം അനുവദിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. അമാന്റിയ മസ്കാരിയ എന്ന ഈ കൂൺ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം മാജിക് മഷ്റൂമിലെ പദാർത്ഥം ഭ്രമാത്മകത ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ലഹരിവസ്തുക്കളുടെ പട്ടികയിലുണ്ട്. എന്നാലിത് മാജിക് മഷ്റൂമിൽ ഒരു ശതമാനം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്‌റൂം ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്നവർ വ്യക്തമായ നിർദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണ്. അമേരിക്കയിൽ (ചില സംസ്ഥാനങ്ങളിൽ) അടക്കം ചില രാജ്യങ്ങളിൽ മാജിക് മഷ്റും നിയമ വിധേയമാണ്. മാനസിക വൈകല്യങ്ങളുടെ ചികിത്സയ്ക്ക് എന്ന പേരിൽ മാജിക് മഷ്റൂം നിയമവിധേയമാക്കുന്ന ബിൽ അമേരിക്കയിൽ പല സംസ്ഥാനങ്ങളും അവതരിപ്പിച്ചിരുന്നു.
ന്യൂജേഴ്സിയിലെ നിയമം അനുസരിച്ച് 21 വയസ് പൂർത്തിയായ പൗരന് മാജിക് മഷ്റൂം സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയും. ഈ ബിൽ പാസാക്കുമ്പോൾ വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രായപൂർത്തിയായവരുടെ വ്യക്തിഗത ഉപയോഗത്തിന് മാജിക് മഷ്റൂം പുരയിടത്തിൽ വളർത്തുന്നതിന് അനുമതി നൽകാനും ബില്ലിൽ ശുപാർശയുണ്ടായിരുന്നു.
യുഎസിൽ മാജിക് മഷ്റൂമിൻ്റെ ഉപയോഗം നിയമവിധേയമാക്കിയ ആദ്യ സംസ്ഥാനമാണ് ഒറിഗോൺ. കാനഡയിൽ മെഡിക്കൽ – ഗവേഷണ ആവശ്യങ്ങൾക്കല്ലാതെ മാജിക് മഷ്റൂം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേക സ്മാർട്ട് ഷോപ്പുകൾ വഴി ഇവ വിൽപന നടത്തിയിരുന്ന രാജ്യമായിരുന്നു നെതർലാൻഡ്. എന്നാൽ 2008ൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ബ്രസീലിലും ആഫ്രിക്കൻ രാജ്യങ്ങളിലും മാജിക് മഷ്റൂമിന് വിലക്കോ നിയന്ത്രണങ്ങളോ ഇല്ല.