അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തി എന്ന വാദവുമായി മകൻ. ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടി. തിരുവനന്തപുരം ബാലരാമപുരത്ത് ആണ് സംഭവം. മൂടാനുള്ള ഒരുക്കങ്ങൾ മാത്രമാണ് താൻ ചെയ്തത് എന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നെയ്യാറ്റിൻകര സി.ഐ.യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. Son performs ‘samadhi’ on father in Thiruvananthapuram as per his wish
ഏതു ദിവസം സമാധിയാകും എന്ന് അച്ഛൻ അറിഞ്ഞിരുന്നു. കന്യാകുമാരിയിൽ നിന്നും വളരെമുമ്പേ കല്ലും വിളക്കും കൊണ്ടുവന്നിരുന്നു. പേരാലിന്റെ കീഴിൽ ഇരുന്നു അച്ഛൻ ധ്യാനിക്കുമായിരുന്നു. ‘സമാധി’യാവാനുള്ള സമയമായപ്പോൾ, അദ്ദേഹം പീഠത്തിലിരുന്നു, ആധാര ചക്രങ്ങൾ ഉണർത്തിയാണ് ‘സമാധി’യിലേക്ക് പോയത് എന്നാണു മകൻ പറയുന്നത്.
ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപൻ സ്വാമിയുടെ മരണമാണ് ഇത്തരത്തിൽ പുറംലോകം അറിയുന്നത്. ഗോപൻ സ്വാമി ചുമട്ടു തൊഴിലാളി കൂടിയായിരുന്നു. പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയിൽ രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.
‘ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ എന്നാണു മകൻ പറയുന്നത്. ‘സമാധി’ എല്ലാവരെയും അറിയിക്കാൻ പാടുള്ളതല്ലെന്നും, അതിനാൽ ബന്ധുജനങ്ങളിൽ ‘സമാധി’ക്ക് സാക്ഷിയായത് താൻ മാത്രമാണെന്നും മകൻ പറയുന്നു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകൻ പറയുന്നു.
സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടു വന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകൻ പറയുന്നുതാനും സഹോദരനും മാത്രമാണ് ‘തത്വപ്രകാരം’ സ്ഥലത്തുണ്ടായിരുന്നത് എന്ന് ഇളയമകൻ പറയുന്നു.