മലയാള സിനിമാ ലോകത്ത് പി ജയചന്ദ്രനെന്ന ഭാവഗായകൻ നൽകിയ സംഭാവനകൾ എണ്ണിയാൽ ഒടുങ്ങുന്നതല്ല. 1966 ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലൂടെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്ന ഗാനത്തിലൂടെയാണ് ജയചന്ദ്രന്റെ ശബ്ദം ജനങ്ങൾക്കിടയിൽ പരിചിതമായത്. അതിനു മുൻപ് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി പാടിയത്.(Singer P jayachandran famous songs)
ആദ്യഗാനമായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ സമ്മാനിച്ച ജി. ദേവരാജന്‍ തന്നെയാണ് ജയചന്ദ്രന് ഏറ്റുമധികം ഗാനങ്ങള്‍ നല്‍കിയതും. മധു ചന്ദ്രികയുടെ (അനാച്ഛാദനം), മംഗലാം കാവിലെ (ധര്‍മയുദ്ധം), സ്വപ്നലേഖേ നിന്റെ (അങ്കത്തട്ട്- മാധുരിക്കൊപ്പം), റംസാനിലെ ചന്ദ്രികയോ (ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും), പുലരിതേടി പോകും (അഞ്ജലി-കാര്‍ത്തികേയന്‍, ശ്രീകാന്തിനുമൊപ്പം) കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ-കെ. രാഘവന്‍), നിന്‍ മണിയറയിലെ (സി.ഐ.ഡി. നസീര്‍- എം.കെ. അര്‍ജുനന്‍), കിലുക്കാതെ കിലുങ്ങുന്ന കിലുക്കം പെട്ടി (മന്ത്രകോടി- എം.എസ്. വിശ്വനാഥന്‍) നീലഗിരിയുടെ സഖികളെ (പണിതീരാത്ത വീട് -എം.എസ്. വിശ്വനാഥന്‍), ഉപാസന (തൊട്ടാവാടി- എല്‍.പി.ആര്‍ വര്‍മ്മ), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍ -എം.കെ. അര്‍ജുനന്‍), ശ്രുതിമണ്ഡലം (രണ്ടു പെണ്‍കുട്ടികള്‍-എം.എസ്. വിശ്വനാഥന്‍), സന്ധ്യതന്‍ കവിള്‍ തുടുത്തു (രാജാങ്കണം-അമ്പിളിക്കൊപ്പം), വാര്‍മേഘ വര്‍ണന്റെ (സാഗരസംഗമം -ഇളയരാജ), പൊന്നാമ്പലേ നിന്‍ ഹൃദയം (അരമനവീടും അഞ്ഞൂറേക്കറും-രാജാമണി) തുടങ്ങിയ ഗാനങ്ങളിൽ അദ്ദേഹത്തിന്റെ സ്വരമാധുര്യം നിറഞ്ഞു തുളുമ്പി.
ജി. ദേവരാജന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഗാനങ്ങള്‍ ജയചന്ദ്രന് സമ്മാനിച്ച സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ ആണ്. പ്രേമസാഗരത്തിന്‍ (ഡിറ്റക്റ്റീവ് 909 കേരളത്തില്‍ ), നിന്‍ മണിയറയിലെ (സി.ഐ.ഡി. നസീര്‍), പകല്‍ വിളക്കണയുന്നു (ഇത് മനുഷ്യനോ), നന്ത്യാര്‍വട്ട പൂചിരിച്ചു (പൂന്തേനരുവി), ചന്ദ്രോദയം കണ്ടു (സിന്ധു-പി. സുശീലക്കൊപ്പം), പളനിമലക്കോവിലിലെ (പിക്പോക്കെറ്റ്), മംഗലപ്പാല തന്‍ (മധുരസ്വപ്നം), മധുവിധു രാത്രികള്‍ (സാന്താ ഒരു ദേവത-വാണിജയറാമിനൊപ്പം), ചാലകമ്പോളത്തില്‍ (ജയിക്കാനായി ജനിച്ചവന്‍), കുടമുല്ലക്കാവിലെ (കരിപുരണ്ട ജീവിതങ്ങള്‍), മാന്മിഴിയാല്‍ (നാഗമഠത്തു തമ്പുരാട്ടി), തുടങ്ങി 2011-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ നായികയില്‍ സുജാതക്കൊപ്പം പാടിയ ‘നനയും നിന്മിഴിയോരം’ വരെ നിരവധി ഹിറ്റ് ഗാനങ്ങൾ അര്‍ജുനന്‍- ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്തതാണ്.
കിലുക്കാതെ കിലുക്കുന്ന (മന്ത്രകോടി-പി. സുശീലക്കൊപ്പം), സ്വര്‍ണഗോപുര (ദിവ്യദര്‍ശനം), അഷ്ടപദിയിലെ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), രാജീവ നയനെ (ചന്ദ്രകാന്തം), കളഭചുമരുവെച്ച (അവള്‍ ഒരു തുടര്‍ക്കഥ), മയിലിനെ കണ്ടൊരിക്കല്‍ (ഇതാ ഒരു മനുഷ്യന്‍-എസ് ജാനകിക്കൊപ്പം), തേടി വന്ന വസന്തമേ (ഒരു രാഗം പല താളം), തുടങ്ങിയ എം.എസ്.വിയുടെ ഗാനങ്ങള്‍ ജയചന്ദ്രന്റെ സംഗീത ജീവിതത്തിലെ സുവർണ ഏടുകളായി മാറി. സിദ്ധാര്‍ത്ഥ എന്ന ചിത്രത്തിലെ കൈവന്ന തങ്കമല്ലെ എന്ന പാട്ടില്‍ തുടങ്ങിയതാണ് വിദ്യാസാഗർ- ജയചന്ദ്രൻ കൂട്ടുക്കെട്ട്. തുടര്‍ന്ന് ഹിറ്റുകളുടെ ഒരു പ്രവാഹം തന്നെ ഈ ടീം ഒരുക്കി തീര്‍ത്തു. കണ്ണില്‍ കാശി തുമ്പകള്‍ (ഡ്രീംസ്), പൂവേ പൂവേ (ദേവദൂതന്‍), യദുവംശയാമിനി (ദുബായ്), ആലിലക്കാവിലെ (പട്ടാളം), എന്തെ ഇന്നും വന്നീലാ (ഗ്രാമഫോണ്‍).. തുടങ്ങി മലര്‍വാക കൊമ്പത്ത് (എന്നും എപ്പോഴും-രാജലക്ഷ്മിക്കൊപ്പം), അന്നത്തെ യുവത്വത്തെ ത്രസിപ്പിച്ചു.
നവാഗത സംഗീതജ്ഞൻ ഗോപിസുന്ദർ സമ്മാനിച്ച 1983 ലെ ഓലേഞ്ഞാലിക്കുരുവി എന്ന ഗാനം ഒരു തവണയെങ്കിലും മൂളാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഏറ്റവുമൊടുവിൽ പി എസ് ജയ്‌ഹരിയുടെ ആട്ടുതൊട്ടിൽ(അതിരൻ) എന്ന ഗാനത്തിലൂടെയാണ് പി ജയചന്ദ്രന്റെ ശബ്ദം അവസാനമായി മലയാളി കേട്ടത്.