തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നെടുമങ്ങാട് ഇഞ്ചിയത്താണ് അപകടം.അപകടത്തിൽ കാവല്ലൂർ സ്വദേശി ദാസിനി(61) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ 26പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 9 കുട്ടികളെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ആശുപത്രിയിൽ 13 പേരും ചികില്‍സ തേടി.
ബസില്‍ ആകെ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു.
പെരുങ്കടവിള, കീഴാറൂർ, കാവല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ബന്ധുക്കളുമാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായി. റോഡില്‍ പരന്ന ഇന്ധനം അഗ്നിരക്ഷാസേന വെള്ളം ഉപയോഗിച്ച് നീക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നു. ലോറിയുമായി മല്സരയോട്ടത്തിനിടെയാണ് അപകടമെന്നും ദൃക്സാക്ഷി പറഞ്ഞു. റോഡിലെ ഇടതുവശത്തെ ഓടയുടെ മേല്മൂടി പൊട്ടിയത് അപകടകാരണമായിയെന്നും സൂചന. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ബസ് ക്രെയിൻ എത്തിച്ച് ഉയർത്തി.