ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദീപാരാധനയ്ക്ക് ശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് മകരവിളക്ക് തെളിഞ്ഞത്. ലക്ഷകണക്കിന് ഭക്തജനങ്ങൾ ശരണമന്ത്ര വിളികളോടെ മകരജ്യോതി ദർശിച്ചു.(makara jyothi at ponnambalamedu sabarimala)
ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ ആരംഭിച്ചത്. മകരവിളക്കിന് മുന്നോടിയായി ദിവസങ്ങൾക്ക് മുൻപ് തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു. ഇന്ന് വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്.
തുടര്‍ന്ന് 6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറിയത്. പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു. കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി.