തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.(High wave warning in kerala)
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തിലടക്കം എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം. ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കേണ്ടതാണ് എന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങൾ മാറി താമസിക്കേണ്ടതാണ്.