കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹൈക്കോടതി. രാജന്‍ ഖൊബ്രഗഡെയ്ക്കെതിരെയാണ് നടപടി. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.(High Court arrest warrant against Additional Chief Secretary of Health Department)
ഈ മാസം 20 ന് രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രമോഷൻ നൽകണമെന്ന് ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ നടപടിയിലാണ് ഹൈക്കോടതിയുടെ നടപടി. ആരോഗ്യവകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ ബി ഉണ്ണികൃഷ്ണനാണ് കോടതിയെ സമീപിച്ചത്.
2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. തുടര്‍ന്ന് പ്രമോഷന്‍ ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
തന്റെ പ്രമോഷന്‍ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വീണ്ടും ഡോ.ബി ഉണ്ണികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രാജന്‍ ഹൊബ്രഗെഡയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഹാജരായിരുന്നില്ല.