തിരുവനന്തപുരം: നോട്ട് എഴുതിയില്ലെന്ന് പറഞ്ഞ് രണ്ടര വയസ്സുകാരിയെ അങ്കണവാടി അദ്ധ്യാപിക കമ്പി കൊണ്ടടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം ചിറമുക്ക് അങ്കണവാടിയിലെ ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ടെന്നും സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ പറയുന്നു. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയെടുത്ത് ടീച്ചർ അടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലന്നും കൂടെയുണ്ടായിരുന്ന കുട്ടിയാണ് മർദ്ദിച്ചതെന്നുമാണ് ടീച്ചറായ ബിന്ദു പറഞ്ഞു.
ടോയ്ലറ്റിൽ പോയി തിരികെ വന്നപ്പോൾ ഷൂറാക്കിന്റെ കമ്പി കയ്യിലിരിക്കുന്നത് കണ്ടു ചോദിച്ചപ്പോൾ കൂടെയുള്ള കുട്ടി മർദ്ദിച്ചതായി കുട്ടി പറഞ്ഞുവെന്നും ടീച്ചർ പറഞ്ഞു. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. ബിന്ദുവിനെതിരെ കുഞ്ഞിന്റെ മാതാപിതാക്കൾ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി. ഈ അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.