തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് നടപടി. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.(Arrest warrant for PK Firos)
പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പി കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുമ്പോൾ ഫിറോസിന്റെ ജാമ്യവ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാൻ പറഞ്ഞിരുന്നതാണ്.
എന്നാൽ വിലക്ക് ലംഘിച്ച് പി കെ ഫിറോസ് വിദേശത്തേക്ക് പോയെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് അഭിഭാഷകനെയടക്കം വിളിച്ചു കോടതി ചോദിച്ചപ്പോൾ തന്നെയാണ് ഫിറോസ് തുര്‍ക്കിയിലാണെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.