ജയിൽ ജീവിതം എങ്ങനെയുണ്ടെന്ന് അറിയാൻ വളരം ആഗ്രഹിച്ചിരുന്ന ആളായിരുന്നു ബോബി ചെമ്മണ്ണൂർ. അതുകൊണ്ട് ജയിൽ എങ്ങനെയാണെന്ന് അറിയാൻ പതിനഞ്ച് വർഷം മുമ്പ് ബോബി കേരള പൊലീസിനെ സമീപിച്ചിരുന്നു. അന്ന് കുറ്റം ചെയ്യാത്തവർക്ക് ജയിലിൽ കഴിയാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ പിന്നീട് തെലങ്കാനയിൽ ജയിൽ ടൂറിസത്തിന്റെ ‘ഫീൽ ദ ജയിൽ’ എന്ന പദ്ധതിയിലൂടെ ബോബി ചെമ്മണ്ണൂർ ആ ആഗ്രഹം സഫലമാക്കി. 500 രൂപ ഫീസടച്ച് 24 മണിക്കൂറാണ് അന്ന് ജയിലിൽ കഴിഞ്ഞത്. തടവുകാരുടേതുപോലത്തെ വസ്ത്രം ധരിച്ച്, അവിടത്തെ ജോലികൾ ചെയ്ത്, അവർക്ക് നൽകുന്ന ഭക്ഷണം കഴിച്ചായിരുന്നു 24 മണിക്കൂർ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിഞ്ഞത്. ഫോൺ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു. ഇപ്പോൾ കേരളത്തിലെ ജയിലിന്റെ ശരിക്കും ഫീൽ അറിഞ്ഞിരിക്കയാണ് ബോബി. അന്ന് ജയിലിൽ കിടക്കാൻ 500 രൂപയാണ് മുടക്കിയതെങ്കിൽ ഇന്നലെ ജയിൽ ശിക്ഷ ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കിയിട്ടും വമ്പൻ വക്കീലിനെ കളത്തിൽ ഇറക്കിയിട്ടും അതിന് സാധിച്ചില്ല.
ബോബി ചെമ്മണ്ണൂരിന്റെ ഒരു വീഡിയോയിൽ പ്രചരിപ്പിക്കുന്നത്10,000 ഗേൾ ഫ്രണ്ട്സ് ഉണ്ടെന്നാണ്. ഇക്കാര്യം ഒരു റിപ്പോർട്ടർ ബോബിയോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ ഒന്നാം ക്ലാസ് മുതൽ ദിവസേന ഓരോ പെൺകുട്ടിയെവച്ച് പ്രേമിച്ചാൽപോലും അത്രയ്ക്ക് വരുമോ എന്നു സംശയമാണ്. ഹ..ഹ…ഹ…ഹ… എന്തായാലും അതെനിക്ക് ഒരു റെക്കോർഡായി ഇരുന്നോട്ടെ എന്നായിരുന്നു..
താങ്കൾക്ക് ടോയ്ലറ്റിൽ മൂത്രമൊഴിച്ചാൽ പോരെ വഴിവക്കിൽ നിന്ന് മൂത്രമൊഴിക്കണോ എന്നു ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കൽ കോഴിക്കോട് നിന്ന് വരുമ്പോൾ മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ ആരുമില്ലാത്ത ഒരു ഇടവഴിയിൽ കയറി മൂത്രമൊഴിച്ചു. പിന്നെ നോക്കുമ്പോൾ ഒരുത്തൻ ഫോട്ടോ എടുക്കുന്നു.
പിന്നീട് അതും സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യം ദേഷ്യം വന്നെങ്കിലും ഞാൻ പിന്നെ അത് ഒരു പോസിറ്റീവായി എടുത്തു. കാരണം കേരളത്തിലെ 4 കോടി ജനങ്ങളിൽ 3,99,99,000 പേരും മൂത്രമൊഴിച്ചാൽ ആരും ഫോട്ടോ എടുക്കില്ല. അപ്പോൾ ഞാൻ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയാണെന്ന് ഓർമ്മിപ്പിക്കുന്നത് ഒരു സുഖം തന്നെയാണ്. പക്ഷേ അതേസമയം ആ വിമർശനത്തിലൂടെ ഒരു കാര്യംകൂടി എനിക്ക് മനസ്സിലായി. പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നത് തെറ്റാണെന്നും അത് മാതൃകയല്ലെന്നും. അതുകൊണ്ട് ആ വിമർശനത്തിലൂടെ എനിക്ക് തെറ്റ് തിരുത്താൻ സാധിച്ചു. ഞാൻ ഇപ്പോൾ വഴിയിൽ മൂത്രമൊഴിക്കാറില്ല. വിമർശനം ഓരോ വ്യക്തിയുടേയും അവകാശമാണ്. അതിൽ തെറ്റൊന്നുമില്ലെന്നായിരുന്നു ബോബി പറഞ്ഞത്.
താങ്കൾ ചെകുത്താന്റെ പ്രവാചകനാണെന്നും ലൂസിഫർ ആണെന്നും പ്രചരിപ്പിക്കുന്നുണ്ടല്ലോ? എന്താണ് സത്യാവസ്ഥ എന്നു ചോദിച്ചപ്പോൾ
ഞാൻ ഇതേ സംബന്ധിച്ച് എന്റെ ഒരു സുഹൃത്തുമായി (ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.) സംവാദത്തിലേർപ്പെട്ടിരുന്നു. ദൈവം ഉണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഉണ്ടെന്ന് അദ്ദേഹം, ചെകുത്താനുണ്ടോ എന്ന് ചോദിച്ചപ്പോൾ അതും ഉണ്ടെന്ന് അദ്ദേഹം. ഞാൻ ചോദിച്ചു ആർക്കാണ് ശക്തി കൂടുതൽ. ദൈവത്തിനാണെന്ന് അദ്ദേഹം. എന്നാൽ പിന്നെ ദൈവത്തിന് ചെകുത്താനെ നശിപ്പിച്ച് കളഞ്ഞൂടെ.
അല്ലെങ്കിൽ ചെകുത്താനെ സൃഷ്ടിച്ചതാരാണ്. ദൈവമായിരിക്കുമോ?. അതിന്റെ ഉദ്ദേശ ശുദ്ധി എന്താവും. നമ്മളൊക്കെ പാപം ചെയ്യണമെന്ന് ദൈവം ആഗ്രഹിച്ചിരിക്കുമോ? ഒരിക്കലും അങ്ങനെയാകാൻ സാദ്ധ്യതയില്ല. എനിക്ക് തോന്നുന്നത് ലോകത്ത് ഒറ്റ ശക്തിമാത്രമേ ഉള്ളൂ. നമ്മൾക്കെല്ലാവർക്കും നോക്കിയാൽ കാണാവുന്ന ആകാശവും ഭൂമിയും മറ്റും സൃഷ്ടിച്ച ആ ശക്തിയെ നമുക്കെല്ലാവർക്കും ദൈവമെന്ന് വിളിക്കാം. അങ്ങനെയുള്ള കുറേ സംവാദത്തിലേക്ക് പോയി. അവസാനം അദ്ദേഹംപറഞ്ഞു. നീ ചിന്തിക്കുന്നതിനും അപ്പുറത്തേക്കാണ്. ഇതിനൊന്നും മനുഷ്യരായ നമുക്ക് ഉത്തരമില്ല.
കുടുംബത്തെ പറ്റി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ
എനിക്ക് ഒരു ഭാര്യ, ഒരു മകൾ, ഒരു അപ്പൻ, ഒരമ്മ, ഒരു സഹോദരൻ, ഒരു സഹോദരി എന്നിങ്ങനെ എല്ലാം ഒറ്റ നമ്പരിലാണ്. അമ്മ ഒരു പഴയ തറവാട്ടിലെയാളാണ്. സിസിലി എന്നാണ് പേര്. എന്നോട് വലിയ സ്‌നേഹമാണ്. അതുപോലെ എനിക്ക് അമ്മയെ വലിയ പേടിയുമാണ്. ഇപ്പോഴും എന്തെങ്കിലും കുരുത്തക്കേടൊക്കെ കാണിച്ചാൽ ചൂലുംകെട്ടെടുത്ത് അടിക്കും. അമ്മ മാത്രമേ അങ്ങനെ ശാസിക്കു. അച്ഛൻ ദേവസിക്കുട്ടി. ഞാനൊക്കെ അദ്ദേഹത്തെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ബിസിനസിൽ ഉള്ളപ്പോൾതന്നെ 15 വർഷം എയർഫോഴ്‌സിൽ പോയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതുകഴിഞ്ഞ് വീണ്ടും ബിസിനസിലേക്ക് തിരിച്ചുവന്നു. വളരെ ലാളിത്യത്തോടെ ജീവിക്കുന്നയാളാണ്. പള്ളിയിലേക്കൊക്കെ നടന്നുപോകും. രാവിലെ അഞ്ച് മണിക്കെങ്കിലും യോഗ ചെയ്യും. എന്നോടും ഉപദേശിച്ചിരുന്നു. പത്ത് വർഷമെങ്കിലും രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്. പൈലറ്റാവാൻ വേണ്ടി കോളജ് കഴിഞ്ഞപ്പോൾ അഡ്മിഷൻ ഒക്കെ റെഡിയാക്കിത്തന്നു. അമ്മയ്ക്ക് പേടിയായിരുന്നു. വിമാനം പറത്താൻ പോകണ്ട എന്ന് പറഞ്ഞ് അഡ്മിഷൻരേഖകളൊക്കെ കീറിക്കളഞ്ഞു. അതോടെ പൈലറ്റ് ഭാവി അവിടെ തീർന്നു.
സ്‌കൂൾ കഴിഞ്ഞാൽ നാലുമണി മുതൽ ആറുമണിവരെ കടയിൽ വന്നിരിക്കണമെന്നാണ് അച്ഛൻ പറയുന്നത്. കോളജ് കഴിഞ്ഞ് 20 വയസിൽ ബിസിനസിലേക്ക് വന്നുതുടങ്ങി. ഞാൻ കുടുംബത്തിലെ മൂത്തയാളാണ്. 22 വയസ്സായപ്പോൾ വിവാഹം കഴിഞ്ഞു. കുട്ടിയുണ്ടായി. ഉത്തരവാദിത്തങ്ങളൊക്കെ നേരത്തെ തീർത്തുവച്ചു.
വിവാഹത്തിന് ശേഷമായിരുന്നു പ്രണയം.
ഇത് രണ്ടും കൂട്ടികലർത്തിയിട്ടില്ല. വിവാഹവും പ്രണയവും രണ്ടിനും രണ്ട് ത്രില്ലായതുകൊണ്ട് അത് രണ്ടായിതന്നെ കൊണ്ടുപോകുന്നു. പ്രണയിച്ച് കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവരുണ്ട്, കഷ്ടപ്പെടുന്നവരുണ്ട്. അതൊക്കെ ഒരു വിധിയാണെന്ന് വിശ്വസിക്കുന്നു.
സ്‌കൂൾ കാലം മുതൽ അത്യാവശ്യം തല്ലിപ്പൊളിയായിരുന്നു ഞാൻ. ക്ലാസ് കട്ട് ചെയ്യും, പുറത്തുപോകും, കുറച്ച് മടിയനും വികൃതിയും ഒക്കെയായിരുന്നു.
ചെറുപ്പത്തിൽ സൈക്കിൾ വേണമെന്നായിരുന്നു ആഗ്രഹം. വലുതായപ്പോൾ ബൈക്ക്, കാർ, ഹെലികോപ്റ്റർ ഇതൊക്കെ കിട്ടണമെന്നായിരുന്നു. ഇതെല്ലാം സാധിച്ചപ്പോൾ അതിന്റെ ത്രില്ലെല്ലാം പോയി. ഇതെല്ലാം മടുത്ത് വ്യത്യസ്തത അനേ്വഷിച്ച് നടന്നപ്പോൾ മദർതെരേസയുടെ പുസ്തകം വായിക്കാനിടയായി. അതിൽ നിന്നും കിട്ടിയ അറിവാണ് ചാരിറ്റിയിലൂടെയും സർവ്വീസിലൂടെയും മാത്രമാണ് ഒരിക്കലും വറ്റാത്ത സ്‌നേഹവും സമാധാനവും ലഭിക്കുക എന്നത്. അങ്ങിനെയാണ് അൽപം ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് കടക്കുവാനിടയായത്. ചെറുപ്പം മുതലേ സ്‌പോർട്ട്‌സ് താരമാണ്. ഹൈജമ്പ്, ഫുട്‌ബോൾ, കുറച്ച് ഓട്ടം, കുംഫു, കരാട്ടെ, ഡാൻസ്, ആക്ഷൻസ് അങ്ങനെ കുറെയേറെ കാര്യങ്ങൾ പ്രാക്ടീസ് ചെയ്തിരുന്നു.
ഈ വേഷത്തിനു പിന്നിൽ എന്താണെന്ന് ചോദിച്ചപ്പോൾ
നേരത്തേ ജീൻസും ഷർട്ടും കടുക്കനുമൊക്കെ ഇട്ട് ഫ്രീക്ക് ആയിട്ടാണ് നടക്കാറ്. ആറു വർഷമായി ഈ വസ്ത്രം ധരിക്കുന്നു. ഇതെന്റെ മുത്തച്ഛന്റെ വേഷമാണ്. നൊസ്റ്റാൾജിയ എന്നൊക്കെ പറയും പോലെ ഇതു ധരിക്കുമ്പോൾ അദ്ദേഹത്തെ ഓർമ വരും. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ കാരണങ്ങൾ ഏറെയുണ്ട്. അടുത്ത സുഹൃത്തുക്കൾ ഈ വേഷത്തെ വിമർശിക്കാറുണ്ട്. ആരാധകരും ആരാധികമാരും ഒക്കെ പറയും മറ്റു വേഷങ്ങൾ ആകാമെന്ന്. പിന്നെ വെള്ള വസ്ത്രം ശുഭ സൂചകമാണല്ലോ. വേഷത്തെ ഭാര്യ ഒരിക്കലും വിമർശിച്ചിട്ടില്ല. ഇത്തരം വേഷമൊക്കെ ധരിച്ച് സിമ്പിൾ ആയി നടന്നാൽ മതിയെന്നു പറയും. വേഷത്തിലല്ലല്ലോ കാര്യം. വ്യത്യസ്ഥത നല്ലതല്ലേ.
ദൈവ വിശ്വാസിയാണോ എന്നു ചോദിച്ചപ്പോൾ പറഞ്ഞത്
ദൈവത്തിൽ എനിക്ക് വിശ്വാസമുണ്ട്. പള്ളിയിലും അമ്പലത്തിലും ഒക്കെ ഇടയ്ക്ക് പോകാറുണ്ട്. എവിടെയിരുന്ന് പ്രാർഥിച്ചാലും ദൈവം കേൾക്കുമെന്നാണ് എന്റെ വിശ്വാസം. വിശ്വാസമുണ്ടെങ്കിൽ എല്ലാത്തിനും ഒരു അച്ചടക്കം ഉണ്ടാവും. പ്രാർഥിച്ചാൽ മാത്രമേ ദൈവം തരൂ എന്നൊന്നും ഇല്ല. ദൈവം അത്രയ്ക്ക് സെൽഫിഷ് അല്ല. പക്ഷേ പ്രാർത്ഥിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഞാനൊരു ബിസിനസുകാരനാണ്, സ്‌പോർട്ട്‌സ്മാനാണ്, ജീവകാരുണ്യ പ്രവർത്തകനാണ്. ലൈഫ് അത്യാവശ്യം ആസ്വദിച്ച് ജീവിക്കുന്ന ആളാണ്. ഞാൻ പുണ്യാളനാണെന്ന് പറയുന്നില്ല. എല്ലാം ഈ ലോകത്തിൽ തന്നെ അറിയണം, ജീവിക്കണം, നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഉപകാരങ്ങൾ മറ്റുള്ളവർക്കുവേണ്ടി ചെയ്യണം. ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ സഹായം.
വാൽക്കഷണം: ബോബി എട്ടു വർഷങ്ങൾക്ക് മുമ്പ് ലേഖകന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇത്