മലയാളത്തിന്റെ മറ്റൊരു തീരാനഷ്ടമായി പി ജയചന്ദ്രൻ യാത്രയാകുമ്പോൾ അദ്ദേഹം സമ്മാനിച്ച ഗാനങ്ങൾ സംഗീത പ്രേമികളിലൂടെ എക്കാലവും ഓർമ്മിക്കപ്പെടും. സംഗീതം ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയുടെയും പ്ലേ ലിസ്റ്റിൽ ഒരു ജയചന്ദ്രൻ ഗാനമെങ്കിലും ഇടം നേടിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അഞ്ചു പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി പി ജയചന്ദ്രൻ പാടി തീർത്ത ഗാനങ്ങളുടെ എണ്ണം 16000 ലധികമാണ്.(Adieu Singer p jayachandran)
മഞ്ഞലയിൽ മുങ്ങിത്തോർത്തിയും റംസാനിലെ ചന്ദ്രികയായും വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവിലൂടെയും നീയൊരു പുഴയായ് തഴുകിയും നമ്മുടെ സ്വീകരണമുറിയിലേക്ക് വിരുന്നെത്തിയ പി ജയചന്ദ്രന്റെ സ്വരമാധുരി എത്ര തലമുറ കഴിഞ്ഞാലും പുതുമ ചോരാതെ മൂളി നടക്കുന്നവയായി മാറി കഴിഞ്ഞു. സ്നേഹമായും വിരഹമായും വാത്സല്യമായും ഭക്തിയായും പി ജയചന്ദ്രൻ എന്ന ഭാവഗായകന്റെ നാദം ഓരോ സംഗീത ആസ്വാദകരിലും അലിഞ്ഞു ചേർന്നിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി പുറത്തു വന്നത്. ജി.ദേവരാജൻ , എം.എസ്.ബാബുരാജ് , വി.ദക്ഷിണാമൂർത്തി , കെ.രാഘവൻ , എം.കെ.അർജുനൻ , എം.എസ്.വിശ്വനാഥൻ , ഇളയരാജ , കോടി , ശ്യാം , എ.ആർ.റഹ്മാൻ , എം.എം. കീരവാണി , വിദ്യാസാഗർ , എം.ജയചന്ദ്രൻ തുടങ്ങി സംഗീത ലോകത്തെ ഇതിഹാസങ്ങളോടൊപ്പം പി ജയചന്ദ്രൻ എന്ന പേര് കൂടി ചേർന്നപ്പോൾ പിറവികൊണ്ടത് സംഗീത ലോകത്തെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്.
പാടി തീർത്ത ഓരോ വരിയിലും ആസ്വാദക മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു മാന്ത്രികത ജയചന്ദ്രന്റെ ശബ്ദത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അപ്രതീക്ഷിത മരണം പി ജയചന്ദ്രൻ എന്ന ഇതിഹാസത്തെ തട്ടിയെടുത്തപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഈ മണ്ണിൽ എക്കാലവും അനശ്വരമായി നിലകൊള്ളും. മലയാളത്തിന്റെ സ്വന്തം ഭാവഗായകന് വിട.