കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത കാന്തപുരം വിഭാഗം.
അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം നടത്തുന്നത് മതവിരുദ്ധമാണെന്നാണ് കാന്തപുരം വിഭാഗം പറയുന്നത്. വിശ്വാസ വിരുദ്ധമായ ഗാനങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല.
വ്യായാമത്തിന്റെ പേരിൽ ആയാലും സ്ത്രീകളും പുരുഷൻമാരും ഇടകലരാൻ പാടില്ലെന്നുമുള്ള അതിവിചിത്രമായ നിബന്ധനകളാണ് ഇവർ മുന്നോട്ട് വെച്ചിരിക്കുന്നത്.
വിവാദമായ മെക് 7 ൻ വ്യായാമ കൂട്ട്മയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. നേരത്തെയും മെക് 7 നെതിരെ കാന്തപുരം വിഭാഗം രംഗത്ത് വന്നിരുന്നു.
രാഷ്‌ട്രീയപരമായും സംഘടനാപരമായുള്ള എതിർപ്പായിരുന്നു അന്ന് പ്രകടമാക്കിയത്. മെക് 7 ന്റെ പ്രവർത്തന രീതികൾ മത വിശ്വാസത്തിന് എതിരാണെന്നാണ് സമസ്തയുടെ ഇപ്പോഴത്തെ നിലപാട്.
സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് ഇരിക്കുന്നതിനും അടുത്ത് ഇടപഴകുന്നതിനുമെതിരെ നേരത്തേയും സമസ്ത രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ വ്യായാമത്തിന്റെ കാര്യത്തിലും സമാന നിലപാട് ആവർത്തിക്കുകയാണ്.
മലബാർ മേഖലയിൽ മെക് 7 ന്റെ പ്രവർത്തനം വ്യാപകമാണ്. മുസ്ലീം സ്ത്രീകളും ഇതിൽ വ്യാപകമായി പങ്കെടുക്കുന്നുണ്ട്. കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന പുറത്ത് വന്നതോടെ മുസ്ലീം സ്ത്രീകളുടെ പങ്കാളിത്തത്തിന് മതപരമായ കടിഞ്ഞാൺ വീണിരിക്കുകയാണ്