പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. സന്നിധാനത്ത് സുരക്ഷയൊരുക്കാനായി 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മുന്നൊരുക്കങ്ങൾ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് വിലയിരുത്തി.(Makaravilak Festival; final stage of preparations at Sabarimala)
സന്നിധാനത്ത് 1800 ഓളം പൊലീസ് ഉദ്യോഗസ്ഥരെയും 800 പേരെ പമ്പയിലും 700 പേരെ നിലക്കലും 1050-ഓളം പേരെ ഇടുക്കിയിലും 650 പേരെ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്. കൂടാതെ എൻഡിആർഎഫ്, ആർഎഎഫ് സേനകളുടെ സുരക്ഷയും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയിൽ ഒരു എസ്പി, 12 ഡിവൈഎസ്പി, 31 സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള 1440 ഓളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.
പൊലീസ്, ഫയർ ആൻറ് റസ്ക്യൂ, എൻഡിആർഎഫ് തുടങ്ങിയ സേനകൾ മകരജ്യോതി കാണാൻ ആളുകൾ കയറുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും സുരക്ഷ പരിശോധകൾ നടത്തി. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിങ് ഞായറാഴ്ച നടക്കും. സന്നിധാനത്ത് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐജി ശ്യാംസുന്ദർ, നിലക്കലിൽ ഡിഐജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡിഐജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.