തിരുവനന്തപുരം: മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയത് ഉത്തരേന്ത്യൻ സംഘം. യുപി സ്വദേശികളായ രണ്ടുപേരെ പിടികൂടി പോലീസ്. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. ക്രിസ്മസ് തലേന്നായിരുന്നു മോഷണ സംഘം മുൻ ഡിഐജി സന്തോഷിൻെറ വീട്ടിൽ മോഷണം നടത്തിയത്.
വീട്ടിലുണ്ടായിരുന്ന സ്വർണവും ആറൻമുള കണ്ണാടി ഉൾപ്പെടെ ഡിഐജിക്ക് ലഭിച്ച ഉപഹാരങ്ങളാണ് മോഷണ സംഘം കൊണ്ടുപോയത്. സംഭവത്തിൽ കരമന പൊലീസാണ് അന്വേഷണം നടത്തുന്നത്. വിരലടയാള പരിശോധനയിലും പ്രതികളെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇവർ താമസിച്ച ലോഡ്ജ് കണ്ടെത്തുകയായിരുന്നു. മോഷണം നടന്നതിന് തൊട്ടടുത്ത ദിവസം ഇവർ ലോഡ്ജ് വിട്ടുപോയതോടെയാണ് സംശയം കൂടിയത്.
യുപി സ്വദേശികളായ രണ്ടു പേരുടെ ആധാർ കാർഡ് ലോഡ്ജിൽ നിന്ന് ലഭിച്ചതോടെ അന്വേഷണം ഇവരിലേക്ക് നീങ്ങി. അന്വേഷണത്തിനിടയിൽ സംഘത്തിലെ ഒരാളുടെ മൊബൈൽ നമ്പർ ലഭിച്ചത് നിർണായകമായി. ഇത് പരിശോധിച്ച് സംഘത്തെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘം കേരളത്തിലേക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടാക്കൾ വരുന്ന ട്രെയിൽ മനസിലാക്കിയ പൊലീസ് വർക്കലയിൽ നിന്നും ആ ട്രെയിൻ കയറാൻ തയ്യാറെടുത്തുനിന്നെങ്കിലും പ്രതികൾ തിരുവല്ലയിൽ ഇറങ്ങുകയായിരുന്നു.
ഇതോടെ ട്രെയിനിൽ സഞ്ചരിച്ചിരുന്ന പൊലീസ് സംഘത്തിൽപ്പെട്ട മനോജ്, വിജയ് കുമാർ എന്നിവർ തിരുവല്ലയിലിറങ്ങി. അന്ന് രാത്രി തന്നെ തിരുവല്ലയിലെത്തിയ പൊലിസ് സംഘം ലോഡ്ജിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ലയിൽ കണ്ടുവെച്ചിരുന്ന ഒരു വീടായിരുന്നു പ്രതികളുടെ അടുത്ത ലക്ഷ്യം.
പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസിന് വ്യക്തമായത്. തമിഴ്നാട്-ആന്ധ്ര പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളാണ് തിരുവനന്തപുരത്ത് പിടിലായതെന്നതിറഞ്ഞതോടെ പ്രതികളെ കസ്റ്റഡിൽ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പൊലീസ് എത്തി. പകൽ സമയത്ത് കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടുവെച്ച ശേഷം പുലർച്ചയോടെ മോഷണം നടത്തും. ശേഷം അടുത്ത ട്രെയിനിൽ രക്ഷപ്പെടുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.