അമേരിക്കയിലെ ലോസ് എഞ്ചൽസിലെ കാട്ടുതീ പ്രസിദ്ധമായ ഹോളിവുഡ് ഹിൽസിലേക്കും പടർന്നുപിടിച്ചതായി റിപ്പോർട്ട്. തീയണയ്ക്കാൻ അഗ്നിരക്ഷാ പ്രവർത്തകർ ഇപ്പോഴും കഠിനമായി പരിശ്രമിച്ചുവരികയാണ്. എന്നാൽ ശക്തമായ കാറ്റ് വീശുന്നതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാൻ കാരണമാകുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാലിഫോർണിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് കാട്ടുതീ പടർന്നു പിടിക്കുന്നതായി മിറർ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പ്രദേശവാസികളെയും ഹോളിവുഡ് പ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഹോളിവുഡിന്റെ പ്രതീകമായ ഹോളിവുഡ് ഹിൽസിലേക്കും തീ പടരുന്നത് ആരാധകർ ആശങ്കയോടെ നോക്കിക്കാണുന്നു.
സൺസെറ്റ് പ്രദേശത്ത് പടർന്ന കാട്ടുതീയിൽ അഞ്ച് പേരാണ് നിലവിൽ മരിച്ചത്. പാലിസേഡ്‌സ്, ഈറ്റൺ, സാൻ ഗബ്രിയേൽ വാലി, പസഫിക് പാലിസേഡ്‌സ് എന്നിവിടങ്ങളിലാണ് ഇപ്പോൾ തീപടരുന്നത്. ഈമേഖലകളിൽ ആയിരത്തിലധികം കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
1970കൾ മുതൽ ഹോളിവുഡ് ഹിൽസിൽ സ്ഥാപിച്ചിരുന്ന പ്രസിദ്ധമായ ഹോളിവുഡ് ബോർഡിലേക്കും തീകത്തിപ്പടരുന്നുണ്ട്. ഹോളിവുഡ് ഹിൽസിലെ തീയണയ്ക്കാൻ ഹെലികോപ്ടറുകൾ പറന്നെത്തുന്ന വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഹോളിവുഡ് ബൊളിവാർഡ് പ്രദേശത്ത് നിന്ന് നിരവധിപേരെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. ഹോളിവുഡ് ഹിൽസിലേക്ക് പടർന്ന തീ ഹോളിവുഡ് ബൗളിലേക്കും മറ്റ് സമീപപ്രദേശങ്ങളിലേക്കും അതിവേഗം പടരുകയാണ്.
നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകളും ഇതോടൊപ്പം കത്തിനശിച്ചിട്ടുണ്ട്. പാരിസ് ഹിൽട്ടൺ, ഹെയ്തി മൊണ്ടാഗ് എന്നിവരുടെ വീടുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. നിരവധി ഓർമ്മകളുള്ള തന്റെ വീട് കത്തിനശിച്ചുവെന്ന് പാരിസ് ഹിൽട്ടൺ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടുതീയിൽ ജീവൻ നഷ്ടപ്പെട്ടവർക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അവർ പറഞ്ഞു.
5700 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്. ആയിരത്തിലേറെ അഗ്നിരക്ഷാ പ്രവർത്തകർ തീകെടുത്താനായി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഹോളിവുഡ് ഹിൽസ് പ്രദേശത്തെ ആയിരക്കണക്കിന് കെട്ടിടങ്ങളും വീടുകളും ഇതോടൊപ്പം കത്തിനശിച്ചിട്ടുണ്ട്. 1.3 ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ നിരവധി അവാർഡ്ദാന പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിന്റെ 30-മത് വാർഷികാഘോഷ ചടങ്ങ് ജനുവരി 12ൽ നിന്ന് ജനുവരി 26ലേക്ക് മാറ്റി. നിരവധി ടെലിവിഷൻ പരിപാടികളുടെയും ചലച്ചിത്രങ്ങളുടെയും ചിത്രീകരണവും നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.