തൃശൂര്‍: മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം സംഭവിച്ചത്.(Singer P Jayachandran passes away)
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി പുറത്തു വന്നത്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‍കാരവും അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്റെ ജനനം.
മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങി ഒരു പിടി നല്ല ഗാനങ്ങളിലൂടെ പി ജയചന്ദ്രന്റെ സ്വരമാധുരി സംഗീത ലോകത്തെ കൂടുതൽ ശോഭിതമാക്കിയിട്ടുണ്ട്.