തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷ് എന്ന യുവാവാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണത്തിനിടയിൽ ഇയാൾ ബൈക്കുകൾ അടിച്ചുതകർക്കുകയും, യുവാക്കളെ മർദ്ദിക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ അവിടെനിന്നും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
നിരവധി വിവാദങ്ങൾക്ക് വഴിവെച്ച സംഭവമാണ് നെയ്യാറ്റിൻകര ഗോപന്റെ മരണം. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിൻകരയിൽ പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചർച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു.