കുഞ്ഞിന്റെ സംരക്ഷണാവകാശ തർക്കം; മുൻ കാമുകനെ വധിക്കാൻ ഡാർക്ക് വെബ് വഴി വലവിരിച്ച ഇൻഫ്ലുവൻസറും കുടുംബവും കുടുങ്ങിയപ്പോൾ
ലോസ് ഏയ്ഞ്ചലസ്: മുൻ കാമുകനെ കൊലപ്പെടുത്താൻ ഡാർക്ക് വെബിലൂടെ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗബ്രിയേല ഗോൺസാലസ് അറസ്റ്റിൽ. പ്രശസ്ത സംഗീത ബാൻഡായ ‘വൈ ഡോണ്ട് വീ’യിലെ ഗായകൻ ജാക്ക് അവേരിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
ഗബ്രിയേലയ്‌ക്കെതിരെ കൊലപാതകശ്രമം, കൊലപാതക ഗൂഢാലോചന, കൊലപാതകത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായി ലോസ് ഏയ്ഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
മകളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക പദ്ധതിക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് ഗബ്രിയേലയുടെ പിതാവ് ഫ്രാൻസിസ്‌കോ ഗോൺസാലസ്, നിലവിലെ കാമുകൻ കൈ കോർഡ്രേ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.
ആദ്യം ഫെഡറൽ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിച്ചത്. പിന്നീട് കേസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന് കൈമാറുകയായിരുന്നു. കുറ്റം തെളിഞ്ഞാൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വരെ ലഭിക്കാം.
സാമൂഹ്യമാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് 24കാരിയായ ഗബ്രിയേല. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇവരെ പിന്തുടരുന്നത്.
ഗായകനായ ജാക്ക് അവേരിയുമായുള്ള ബന്ധത്തിൽ ഇവർക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. കുട്ടിയുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട കേസാണ് നിലവിൽ കോടതിയിൽ തുടരുന്നത്.
2020നും 2021നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു. മുൻ കാമുകനെ കൊല്ലാൻ വാടകക്കൊലയാളിയെ കണ്ടെത്താൻ ഗബ്രിയേല തന്റെ പുതിയ കാമുകനായ കൈ കോർഡ്രേയുടെ സഹായം തേടിയെന്നാണ് കേസ്.
2021 ഏപ്രിലിൽ ഗബ്രിയേലയുടെ പിതാവ് 10,000 അമേരിക്കൻ ഡോളർ മുൻകൂർ തുകയായി കൈമാറിയതായും, പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും 4,000 ഡോളർ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
2021 സെപ്റ്റംബറിൽ വാടകക്കൊലയാളിയെന്ന വ്യാജേന എത്തിയ രഹസ്യ പൊലീസ് ഉദ്യോഗസ്ഥനുമായി കൈ കോർഡ്രേ നടത്തിയ സംഭാഷണങ്ങളാണ് കേസിലെ നിർണായക തെളിവ്. ജാക്ക് അവേരിയെയാണ് ലക്ഷ്യമിട്ടതെന്ന് ഇയാൾ ഉദ്യോഗസ്ഥനോട് വ്യക്തമാക്കിയതായും കേസ് രേഖകളിൽ പറയുന്നു.
‘വൈ ഡോണ്ട് വീ’ എന്ന സംഗീത ബാൻഡിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് ജാക്ക് അവേരി. 2018ൽ പുറത്തിറങ്ങിയ അവരുടെ ആദ്യ ആൽബത്തിലെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു.
English Summary
Social media influencer Gabriela Gonzalez has been arrested in Los Angeles for allegedly hiring a hitman through the dark web to kill her former boyfriend, singer Jack Avery of the band “Why Don’t We.”









