പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പത്ത് വർഷമായി തുടരുന്ന ഒരു കുട്ടിതട്ടിക്കൊണ്ടുപോകൽ കേസ് പ്രത്യേകമായി ഉന്നയിച്ച് നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് യെറ്റൻ.
ഡച്ച് പൗരത്വമുള്ള ഇൻസിയ ഹേമാനി എന്ന പെൺകുട്ടിയെ ഇന്ത്യൻ വംശജനായ പിതാവ് ഷെഹ്സാദ് ഹേമാനി തട്ടിക്കൊണ്ടുപോയ കേസാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്.
2016 സെപ്റ്റംബറിലായിരുന്നു സംഭവം. ഭാര്യ നാദിയയിൽ നിന്ന് അകന്നു കഴിയുന്നതിനിടെ, കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്കായിരിക്കെ ഷെഹ്സാദ് ആളുകളെ ഉപയോഗിച്ച് ആംസ്റ്റർഡാമിലെ വീട്ടിൽ നിന്ന് രണ്ട് വയസ്സുകാരിയായ ഇൻസിയയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
പട്ടാപ്പകൽ വീട്ടിലെത്തിയ സംഘം നാദിയയുടെ ബന്ധുക്കളെയും അയൽക്കാരെയും ആക്രമിച്ച ശേഷമാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവം നെതർലൻഡ്സിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
കുട്ടിയെ ആദ്യം ജർമനിയിലേക്ക് കൊണ്ടുപോയതായും പിന്നീട് ഇന്ത്യയിലെത്തിച്ചതായുമാണ് വിവരം. ഇപ്പോൾ 12 വയസ്സുള്ള ഇൻസിയ പിതാവിനൊപ്പമാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഡച്ച് നിയമപ്രകാരം ഷെഹ്സാദ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മകളെ തിരികെ ലഭിക്കാനായി നാദിയ കഴിഞ്ഞ പത്ത് വർഷമായി നിയമപോരാട്ടം തുടരുകയാണ്.
2018ലാണ് നാദിയ അവസാനമായി മകളുമായി ഫോണിൽ സംസാരിച്ചത്. അതിന് ശേഷം നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.
മോദിയുടെ സന്ദർശനവേളയിൽ മകളുടെ ചിത്രം കൈയിൽ പിടിച്ച് നാദിയ പ്രതിഷേധവുമായി എത്തിയതും ശ്രദ്ധനേടി.
English Summary
Dutch Prime Minister Rob Yetten raised the decade-old child abduction case of Insiya Hemani during talks with Prime Minister Narendra Modi. The girl was allegedly abducted from the Netherlands by her Indian-origin father in 2016 and brought to India.
Narendra Modi, Netherlands, Insiya Hemani, Child Abduction Case, International News, India Netherlands Relations, Rob Yetten, Legal Battle, National News, Dutch Citizen









