“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾ. കേസിന്റെ ആദ്യ കേസ് ഡയറി തിരുത്താൻ മുൻ എഡിജിപി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടുവെന്ന മൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
അന്നത്തെ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എം.ആർ. അജിത് കുമാറിനെതിരെയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാമെന്നാണ് സൂചന.
കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നും ഫയൽ മാറ്റിമറിച്ചെന്നും അന്വേഷണ സംഘത്തിലെ എസ്.ഐയും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. കേസ് ഡയറി തിരുത്തുന്നതിനായി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
മർദനമേറ്റ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസും കേസിൽ ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇരുവരുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും എസ്.ഐ.ടി അറിയിച്ചു.
കൂടുതൽ പേർ പ്രതികളാകാൻ സാധ്യത
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും നിലവിൽ കേസിലെ പ്രതികളാണ്. എന്നാൽ മർദന ദൃശ്യങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ലാത്തിയുമായി പ്രതിഷേധക്കാരെ ആക്രമിക്കുന്നതായി വ്യക്തമായതിനാൽ കൂടുതൽ പേരെ പ്രതിചേർക്കാനാണ് സാധ്യതയെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
പ്രതിഷേധക്കാരെ ആദ്യം ലോക്കൽ പൊലീസ് നിയന്ത്രണത്തിലാക്കിയ ശേഷവും ഗൺമാൻമാർ മർദിച്ചതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും.
ഫോറൻസിക് പരിശോധനയും ചോദ്യം ചെയ്യലും ഉടൻ
മർദന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നാണ് എസ്.ഐ.ടി അറിയിച്ചത്. പിന്നാലെ ഗൺമാൻമാരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.
English Summary
The SIT probing the attack on Youth Congress workers during the Nava Kerala Yatra has received statements alleging that former ADGP M.R. Ajith Kumar interfered in altering the original case diary. More police personnel may be added as accused based on video evidence and witness statements.
Nava Kerala Yatra, M R Ajith Kumar, SIT Investigation, Youth Congress, AD Thomas, Ajay Jewel Kuryakose, Kerala Police, Pinarayi Vijayan, Political Violence, Kerala News









