സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ പിണറായി വിജയന്റെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ചിരുന്ന അതിസുരക്ഷ പിൻവലിച്ചതോടെയാണ് സന്ദീപ് വീണ്ടും പൊലീസ് വകുപ്പിലേക്ക് മടങ്ങിയത്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ പിണറായി വിജയനൊപ്പമുണ്ടാകും.
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇനി വൈ വിഭാഗം സുരക്ഷയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ നേരത്തെ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. ഗൺമാൻമാർക്ക് പകരം രണ്ട് വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലെ സുരക്ഷയ്ക്കായി പൊലീസിനെയും നിയോഗിക്കും. സുരക്ഷ വർധിപ്പിക്കണോ എന്ന കാര്യത്തിൽ ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ സമിതി തീരുമാനമെടുക്കും.
2023 ഡിസംബർ 15ന് നടന്ന നവകേരള യാത്രയ്ക്കിടെയായിരുന്നു കേസിന് ആധാരമായ സംഭവം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാസംഘം പ്രതിഷേധത്തിനെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
യു.ഡി.എഫ് സർക്കാർ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇന്ന് മുതൽ സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കും. മർദന ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുന്നത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരോട് നാളെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുകയാണ് ലക്ഷ്യം.
മാധ്യമപ്രവർത്തകൻ പകർത്തിയ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവാകുമെന്നാണു അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
English Summary
Gunman Sandeep, accused in the case related to the assault on KSU activists during the Nava Kerala Yatra, has been removed from Pinarayi Vijayan’s security team after his Z Plus security cover was withdrawn. A special investigation team has intensified the probe.









