വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ
കൊടുങ്ങല്ലൂർ: കനത്ത വേനൽച്ചൂടിനെ തുടർന്ന് മാസങ്ങളായി തീരക്കടലിൽ നിന്ന് അപ്രത്യക്ഷമായിരുന്ന മത്തി വീണ്ടും മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിറയുന്നു. കടലിലെയും അന്തരീക്ഷത്തിലെയും ചൂട് കുറഞ്ഞതോടെയാണ് മത്തി തീരപ്രദേശങ്ങളിലേക്ക് മടങ്ങിയെത്തിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വേനൽ കടുത്തതോടെ മത്തി ഉൾക്കടലിലേക്ക് നീങ്ങിയതിനാൽ മത്സ്യബന്ധനത്തിന് പോയ പല വള്ളങ്ങളും വെറും കൈയോടെ മടങ്ങേണ്ടിവന്നിരുന്നു. തുടർച്ചയായ നഷ്ടത്തെ തുടർന്ന് നിരവധി തൊഴിലാളികൾ മത്സ്യബന്ധനം താൽക്കാലികമായി നിർത്തുകയും ചെയ്തു. ഇതോടെ വിപണിയിൽ മീൻവിലയും കുത്തനെ ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയെ തുടർന്ന് കടലിലെ ചൂട് കുറഞ്ഞതോടെയാണ് മത്തി വീണ്ടും തീരക്കടലിലേക്ക് എത്തിത്തുടങ്ങിയത്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ജൂൺ ആദ്യവാരത്തിൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രധാന സീസണും തുടങ്ങും. അതിനുമുമ്പായി മത്തി ലഭ്യത വർധിച്ചത് തൊഴിലാളികളിൽ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്.
സാധാരണയായി കടൽചൂട് കൂടുമ്പോൾ മത്തി കേരള തീരം വിട്ടുപോകാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കൂടാതെ മത്തിയുടെ മുട്ടകളിൽ വലിയൊരു പങ്കും അതിശക്തമായ ചൂടിൽ നശിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് ലഭിച്ചിരുന്ന മത്തികൾക്ക് 10 മുതൽ 12 സെന്റീമീറ്റർ വരെ മാത്രമായിരുന്നു വലുപ്പം. വിപണിയിൽ ഇവയ്ക്ക് വിലയും കുറവായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തികൾക്ക് 15 സെന്റീമീറ്റർ വരെ വലുപ്പമുണ്ടെന്നും നിലവിൽ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് വിൽപ്പനയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
English Summary
Sardines, locally known as “Mathi” or “Chaala,” have returned to Kerala’s coastal waters after months of scarcity caused by intense summer heat. Fishermen say recent summer rains cooled the sea, bringing relief to traditional fishing communities and improving fish availability.









