ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും
തിരുവനന്തപുരം: 20 രൂപയ്ക്ക് ഊണ് നൽകുമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച Kudumbashreeയുടെ ജനകീയ ഹോട്ടലുകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ആരംഭിച്ച ഹോട്ടലുകളിൽ 500ലേറെ ഇതിനകം പ്രവർത്തനം നിർത്തിയതായാണ് റിപ്പോർട്ടുകൾ.
സർക്കാർ ഓരോ ഊണിനും പ്രഖ്യാപിച്ചിരുന്ന 10 രൂപ സബ്സിഡി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് നടത്തിപ്പുകാർ പറയുന്നു. ഇതോടെ പല ഹോട്ടലുകളിലും 20 രൂപയ്ക്ക് പകരം 40 മുതൽ 50 രൂപ വരെ ഈടാക്കേണ്ട സാഹചര്യമുണ്ടായി.
2020ൽ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ 1198 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്. കുടുംബശ്രീ വനിതകളായിരുന്നു നടത്തിപ്പ് ഏറ്റെടുത്തത്. എന്നാൽ കറന്റ് ചാർജ്, വെള്ളക്കരം, കെട്ടിട വാടക തുടങ്ങിയ ചെലവുകൾ പല തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുത്തില്ലെന്നും ആരോപണമുണ്ട്.
പാചകവാതക വില വർധനയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും തിരിച്ചടിയായതോടെ ഹോട്ടലുകൾ നിലനിൽപ്പിനായി പോരാടുകയാണ്. സപ്ലൈകോ വഴി ലഭിച്ചിരുന്ന സബ്സിഡി അരിയുടെ ലഭ്യത കുറഞ്ഞതോടെ വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് അരി വാങ്ങേണ്ട സാഹചര്യം ഉണ്ടായി.
വില വർധിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ചെലവ് കുറയ്ക്കാൻ ചക്ക പോലുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കിയാണ് പല ഹോട്ടലുകളും മുന്നോട്ടുപോകുന്നത്.
അതേസമയം, മുൻ ഇടതു സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ജനകീയ ഹോട്ടലുകൾക്ക് പുതിയ സർക്കാർ ആവശ്യമായ പിന്തുണ നൽകുമോയെന്ന ആശങ്കയും നടത്തിപ്പുകാർക്കിടയിൽ ശക്തമാണ്.
English Summary
Kerala’s Janakeeya Hotels, launched in 2020 to provide meals at Rs 20, are facing a severe financial crisis. More than 500 hotels have reportedly shut down due to unpaid government subsidies, rising food and cooking gas prices, and declining customer numbers.









