‘ഒടിയൻ’ മാർട്ടിനും ലിബിനും ഇനി ജയിലിലേക്ക്; 2019-ലെ ആ കഞ്ചാവ് കടത്ത് കേസിൽ പ്രതികൾക്ക് വിധി വന്നതിങ്ങനെ
ഇടുക്കി: ഓട്ടോറിക്ഷയിൽ 10 കിലോഗ്രാം ഉണക്ക ഗഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ച് തൊടുപുഴ എൻ.ഡി.പി.എസ് കോടതി. നെയ്യാശ്ശേരി വില്ലേജിലെ തൊമ്മൻകുത്ത് 40 ഏക്കർ ഭാഗത്ത് വാക്കണ്ടത്തിൽ വീട്ടിൽ ലിബിൻ (37), കരിക്കോട് വില്ലേജിലെ ഇടവെട്ടി കരയിൽ മാർത്തോമാ ഭാഗത്ത് നെല്ലിക്കുന്നേൽ വീട്ടിൽ ‘ഒടിയൻ’ മാർട്ടിൻ (45) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
പ്രതികൾക്ക് 75,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും.
2019 മാർച്ച് 10ന് രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം ഉണക്ക ഗഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
അന്നത്തെ രാജാക്കാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന അനൂപ് മോൻ പി.ഡി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് രാജാക്കാട് പൊലീസ് ഇൻസ്‌പെക്ടർ ഹണി എച്ച്.എൽ ആയിരുന്നു.
English Summary
The Thodupuzha NDPS Court sentenced two men to seven years of rigorous imprisonment and imposed a fine of ₹75,000 each in a ganja trafficking case from Idukki.








