ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!
തിരുവനന്തപുരം: ലോക്കപ്പുകളിൽ കഴിയുന്ന പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ നിർബന്ധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ഇത്തരത്തിലുള്ള നടപടി മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്കപ്പുകളിൽ പ്രതികൾക്ക് അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ. പൊലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്യാവകാശ ലംഘനമുണ്ടാകരുതെന്ന നിർദ്ദേശം ഇതിനകം തന്നെ പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കമ്മിഷനെ അറിയിച്ചു.
നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി വ്യക്തമാക്കി. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി.
English Summary
Kerala Human Rights Commission Chairperson Justice Alexander Thomas has directed strict action against police officers who force lock-up detainees to remain in undergarments. The commission stated that such treatment violates fundamental and human rights. The ADGP (Law and Order) informed the commission that police headquarters had already issued instructions against such practices and warned of strict action for violations. The order came in response to a complaint filed by Amaravila native R.G. Leninraj.









