ഹൈഎൻഡ് ടൂറിസത്തിൽ കളി മാറും! കേരളത്തിലേക്ക് വൻ നിക്ഷേപവുമായി ഐടിസി; ലക്ഷ്യം അന്താരാഷ്ട്ര വിപണി
കോട്ടയം: കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ വൻ നിക്ഷേപവുമായി ഐടിസി ഹോട്ടൽസ്. കുമരകത്തെ പ്രശസ്ത പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഏറ്റെടുത്തു. കേരളത്തിൽ ഐടിസി സ്വന്തമാക്കുന്ന ആദ്യ റിസോർട്ടാണ് ഇത്.
റിസോർട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരണത്തിന് ശേഷം നവംബർ മാസത്തോടെ റിസോർട്ട് വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാനാണ് പദ്ധതി. ഐടിസിയുടെ അത്യാഡംബര റിസോർട്ട് വിഭാഗത്തിലായിരിക്കും ഈ പ്രോപ്പർട്ടി ഉൾപ്പെടുത്തുക.
വേമ്പനാട് കായൽത്തീരത്ത് 18 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. അഞ്ച് ഏക്കർ വിസ്തൃതിയിലുള്ള മനുഷ്യനിർമിത ലഗൂണാണ് റിസോർട്ടിന്റെ പ്രധാന സവിശേഷതകളിലൊന്ന്.
പ്രകൃതിസൗന്ദര്യവും ആഡംബര സൗകര്യങ്ങളും ചേർന്ന അനുഭവം നൽകുന്ന റിസോർട്ടിനെ കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് ഐടിസിയുടെ പദ്ധതി. നവീകരണത്തിന്റെ ഭാഗമായി പുതിയ റസ്റ്ററന്റും മറ്റ് പ്രീമിയം സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ ഹൈഎൻഡ് ടൂറിസം മേഖലയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഐടിസിയുടെ ഈ ഏറ്റെടുക്കൽ വിലയിരുത്തപ്പെടുന്നത്.
English Summary
ITC Hotels has acquired the luxury resort ‘The Zuri Kumarakom Kerala Resort & Spa’ for ₹205 crore, marking its first resort acquisition in Kerala. The company plans to begin renovation works in June and reopen the property by November as part of its luxury resort portfolio. Spread across 18 acres on the banks of Vembanad Lake, the resort features 72 rooms including villas and cottages, along with a large man-made lagoon. ITC aims to upgrade the property with more international-standard amenities and a new restaurant.









