ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 117 ആയി ഉയർന്നു. 200ലധികം പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത പ്രയാഗ്‌രാജ് ജില്ലയിൽ മാത്രം 21 പേരാണ് മരിച്ചത്.
മഴക്കെടുതിയിൽ സംസ്ഥാനത്തെ 227 വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ പൂർണമായും തകർന്നതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ആരംഭിച്ചത്.
പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര എന്നിവിടങ്ങളിലാണ് ദുരന്തത്തിന്റെ ആഘാതം കൂടുതൽ അനുഭവപ്പെട്ടത്. പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വൈദ്യുതി, ഗതാഗത സേവനങ്ങളും ഭാഗികമായി തടസപ്പെട്ടു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചതായും സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും വിവിധ ജില്ലകളിൽ തുടരുകയാണ്.
English Summary
The death toll due to heavy rain, strong winds, and lightning in Uttar Pradesh has risen to 117, with over 200 people injured. Prayagraj district reported the highest number of deaths at 21.









