’ഫോൺ പോലും എടുക്കില്ല!’ വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി; പത്തനംതിട്ടയിൽ തർക്കം രൂക്ഷം
പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മുൻമന്ത്രി വീണ ജോർജിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. കോൺഗ്രസ് നേതാവ് അബിൻ വർക്കിയോട് വീണ ജോർജ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ അതൃപ്തി പരസ്യമായത്.
സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജിന്റെ പെരുമാറ്റരീതിയാണ് തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. നേതാക്കളോ പ്രവർത്തകരോ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത സമീപനം പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ടാക്കിയെന്നായിരുന്നു ആരോപണം.
അനാവശ്യ വിവാദങ്ങളിൽ വീണ ജോർജ് ഉൾപ്പെട്ടതും തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്താൻ എല്ലാ ജില്ലാ കമ്മിറ്റികളോടും സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു.
ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ വിശദമായ ചർച്ച നടന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാനും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
English Summary
Former Kerala minister Veena George faced sharp criticism in the CPM Pathanamthitta district committee following her defeat to Congress leader Abin Varkey in Aranmula. Party members reportedly blamed her behaviour and lack of accessibility to leaders and workers for the electoral setback. Criticism was also raised over unnecessary controversies that allegedly affected the party’s image during the campaign. The discussion took place during a district committee meeting reviewing election losses across constituencies.









