ഇടുക്കിയിൽ ഭരണ സിരാ കേന്ദ്രത്തിലും കടുവയുടെ സാന്നിധ്യം; തിരച്ചിലുമായി വനം വകുപ്പ്
ഇടുക്കി ജില്ലാ ആസ്ഥാനത്ത് വീണ്ടും കടുവയെ കണ്ടതോടെ ജനം ഭീതിയിലായി. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് പാറേമാവിന് സമീപം പത്തേക്കര്‍ കോളനിയിലാണ് കടുവയെകണ്ടത്.
പ്രദേശവാസി സരസമ്മയാണ് കടുവയെ കണ്ടത്. സരസമ്മയുടെ വീടിനു പിന്നില്‍ വനമാണ്. വീടീനു സമീപം ഉദ്ദേശം 50 മീറ്റര്‍ ദൂരെയാണ് കടുവയെ കണ്ടതെന്ന് സരസമ്മ പറഞ്ഞു.
സരസമ്മയെ കണ്ടപ്പോൾ കടുവ മുകള്‍ ഭാഗത്തുള്ള വനമേഖലയിലേക്ക് ഓടിപ്പോയി. 1972 മുതൽ ഇവിടെ താമസക്കാരിയാണ് സരസമ്മ . ആദ്യമായാണ് ഇവിടെ കടുവയെ കണ്ടെതെന്ന് സരസമ്മ പറഞ്ഞു.
വെള്ളാപ്പാറ ഭാഗത്തുള്ള വനത്തിലേക്കാണ് കടുവ ഓടിയത്. സമീപത്തുള്ള വനപാലകരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്തിയില്ല.
ഉച്ചകഴിഞ്ഞ് മൂന്നോടെ തൊടുപുഴയിൽ നിന്നും ഡ്രോണ്‍ ഇടുക്കിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പാടോ, കാഷ്ടമോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കഞ്ഞിക്കുഴിയില്‍ പുലിയിറങ്ങിയതും, ഇടുക്കി പാര്‍ക്കിനു സമീപം കടുവയെ കണ്ടതും, കരിമണലിലും മീന്‍മൂട്ടിക്കു സമീപത്തും ആനകളിറങ്ങിയതും കഴിഞ്ഞയാഴ്ചയിലാണ്.
ഇടുക്കിയില്‍ വന്യമൃഗങ്ങളുടെ ശല്യം വളരെ കുറവായിരുന്നു. അടുത്ത നാളുകളിലാണ് ഇവയുടെ സാന്നിധ്യം ജനവാസ മേഖലയിവ്യാപിച്ചത്.
കുരങ്ങ്, കാട്ടുപന്നി, മ്ലാവ്, എന്നിവ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ ഭീതിപരത്തി ഹിംസ്രമൃഗങ്ങളും നാട്ടിലിറങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
അടിയന്തിരമായി വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.









