മോഷ്ടാവ് കാമാക്ഷി ബിജുവും മകൻ വിപിനും പിടിയിൽ
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ 500 ൽ അധികം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന ബിജുവും മകൻ വിപിൻ ബിജുവും പോലീസിന്റെ പിടിയിലായി.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെപ്പറ്റി അന്വേഷണം നടത്തിവരവേ ആണ് ഇയാൾ പിടിയിലാകുന്നത്.
കട്ടപ്പന പോലീസ് സ്റ്റേഷനിലെ മോഷണ കേസുമായി ബന്ധപ്പെട്ട കാമാക്ഷി ബിജുവും മകൻ വിപിനും ഒളിവിൽ ആണെന്നുള്ള വിവരം കട്ടപ്പന പോലീസിൽ നിന്നും ലഭിച്ചു.
ഇതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി സാബു പി.കെ.-യ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വളയുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ പെപ്പർ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തി.
കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, തങ്കമണി എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ അന്വേഷിച്ചുവരുന്ന പ്രതികളാണിവർ. ഈ പ്രതികൾക്ക് എൽ പി വാറണ്ട് ഉൾപ്പെടെ 12 ഓളം വാറണ്ടുകൾ നിലവിലുണ്ട് .
തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ അജീഷ് ജോൺ, ഡിവൈഎസ്പി സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബാബു, ഷാജഹാൻ, സിവിൽ പോലീസ് ഓഫീസർ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.









