മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോലയിൽ ആട്ടുപാറ സ്വദേശി രാജേന്ദ്രന്റെ മകൾ ലാവണ്യയുടെ മൃതദേഹമാണ് ഏലത്തോട്ടത്തിന് നടുവിലെ കുളത്തിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ഇന്നലെ രാത്രി യുവതിയുടെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെ ഏലത്തോട്ടത്തിലെ കുളത്തിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. തുടർന്ന് മരിച്ചത് ലാവണ്യയാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
തമിഴ്നാട്ടിലെ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്ഥാപനത്തിലെ അന്തേവാസിയായിരുന്ന ലാവണ്യ എട്ട് ദിവസം മുൻപ് ആണ്മാ താപിതാക്കളെ കാണാനായി വീട്ടിലെത്തിയത്. തുടർന്ന് യുവതിയെ കാണാതാവുകയായിരുന്നു.
ബന്ധുക്കൾ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി. പൊലീസും നാട്ടുകാരും സമീപപ്രദേശങ്ങളിൽ വ്യാപകമായ തെരച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്തനായിരുന്നില്ല.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ഉടുമ്പൻചോല പൊലീസ് അന്വേഷിച്ചു വരികയാണ്.