ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ ഉത്തരവ്
ഇടുക്കി: തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചികിത്സാ സഹായത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഗാനമേളകളിൽ അനുവദനീയ പരിധിയ്ക്ക് മുകളിലുള്ള ശബ്ദമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസറും വിഷയത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. ബസ് സ്റ്റാൻഡ് പരിസരത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യാചകനിരോധന ബോർഡുകൾ സ്ഥാപിക്കാനും നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചികിത്സാ സഹായത്തിനെന്ന പേരിൽ അനുമതിയില്ലാതെ സ്പീക്കർ ഉപയോഗിച്ച് ഗാനമേളകൾ നടത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടും ഭീഷണിയും സൃഷ്ടിക്കുന്നുവെന്ന പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ ഡി.വൈ.എസ്.പി-യ്ക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
പോലീസ് എയ്ഡ് പോസ്റ്റിൽ സ്ഥിരം പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും മേഖലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൊടുപുഴ എസ്.എച്ച്.ഒയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയതായും അധികൃതർ വ്യക്തമാക്കി.
രോഗികളുടെ ചികിത്സാ ധനസഹായത്തിനായി നടത്തുന്ന ഗാനമേളകൾ 50 ഡെസിബെലിൽ താഴെയുള്ള, പ്രത്യേക അനുമതി ആവശ്യമില്ലാത്ത മൈക്ക് ഉപയോഗിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വ്യക്തമായ നിയമലംഘന വിവരം ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കുടയത്തൂർ സ്വദേശി ഡെന്നീസ് എബ്രഹാം സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
English Summary
The Kerala Human Rights Commission has directed authorities to take action if sound levels at musical programs conducted at Thodupuzha private bus stand exceed permissible decibel limits. Commission Chairperson Justice Alexander Thomas instructed the District Collector and police officials to ensure legal compliance. The commission also ordered installation of CCTV cameras and anti-begging boards in the area. The action follows a complaint alleging that unauthorized loudspeaker programs conducted in the name of medical aid were causing disturbance and inconvenience to passengers.








