വന്ദനാ ദാസ് വധക്കേസിൽ നിർണായക ദിവസം; ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും… അപൂർവങ്ങളിൽ അപൂർവമായ കുറ്റമെന്ന് പ്രോസിക്യൂഷൻ; എന്താകും വിധി?
കൊല്ലം: വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയെക്കുറിച്ചുള്ള വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി.
2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം നടന്നത്.
കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു.
കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മാനസിക പ്രശ്നങ്ങളെത്തുടർന്നാണ് സംഭവം ഉണ്ടായതെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പരിഗണനയിൽ ഉണ്ടായിരുന്നു.
അതേസമയം, പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളുമാണ് കേസിൽ കോടതിയിൽ ഹാജരാക്കിയത്. സെഷൻസ് ജഡ്ജ് പി. എൻ. വിനോദാണ് ഇന്ന് ശിക്ഷ വിധിക്കുക. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കളും കോടതിയിലെത്തും.
English Summary
The sentencing in the Vandana Das murder case will be pronounced today by the Kollam Additional Sessions Court.









