അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി
കൊച്ചി: വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷ വീണ്ടും പാളി. കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തുടനീളം ഹോട്ടൽ മേഖലയിൽ അനിശ്ചിതത്വം തുടരുകയാണ്.
ഹോട്ടലുകൾക്ക് മുൻഗണന നൽകി സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ ഉറപ്പു നൽകിയിരുന്നുവെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സമരപരിപാടികൾ താൽക്കാലികമായി പിൻവലിച്ചിരുന്നു.
മാർച്ച് 23ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിടാനും, 19ന് ഗ്യാസ് ബോട്ട്ലിംഗ് പ്ലാന്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നെങ്കിലും വിതരണം ഉറപ്പുനൽകിയതിനെ തുടർന്ന് നടപടി നിർത്തിവെച്ചതാണ്. എന്നാൽ, ഇന്ന് ഉത്തരവ് പുറത്തിറക്കി നടപടികൾ സ്വീകരിക്കാത്ത പക്ഷം സമരത്തിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.
വ്യാഴാഴ്ച മുതൽ മുൻകൂട്ടി ബുക്ക് ചെയ്ത സിലിണ്ടറുകളുടെ 20 ശതമാനം വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അത് പോലും കാര്യക്ഷമമായി നടപ്പിലായിട്ടില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ ആരോപണം.
ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. തൊഴിലാളികൾക്ക് പകുതിവേതനം നൽകി പിടിച്ചുനിറുത്തിയിരുന്ന ഉടമകൾക്ക് ഇനി അതും സാധ്യമല്ലാതായതോടെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുമെന്ന് അറിയിച്ചതായി കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത 40 ശതമാനമായി ഉയർത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഏകദേശം 90 ശതമാനം ഹോട്ടലുകളും ഇതിനോടകം പ്രവർത്തനം നിർത്തിയതായാണ് സംഘടനയുടെ വിലയിരുത്തൽ.
English Summary
The commercial LPG cylinder crisis in Kerala continues, with expectations of normal supply from Monday failing. Despite assurances from authorities to prioritize hotels, no official order has been issued. The Kerala Hotel and Restaurant Association has warned of protests if immediate action is not taken. The shortage has forced many hotels to shut down and workers to return home, deepening the crisis. Union Minister Suresh Gopi is expected to intervene to improve supply.
kerala-lpg-crisis-hotels-shutdown-kochi
kochi, lpg crisis, kerala news, gas cylinder shortage, hotels shutdown, khra, suresh gopi, commercial lpg, restaurant crisis, kerala hotels









