യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ
തൃശൂർ: ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്ക് (40)-നെ കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ജീവപര്യന്തം തടവും പിഴയും
പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശി ബീരു (33)-യും മൻസൂർ മാലിക്കിന്റെ ഭാര്യ രേഷ്മ ബീവിയും കുറ്റക്കാരാണെന്ന് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കമനീസ് കെ. വിധിച്ചു.
കൊലപാതക കുറ്റത്തിന് ഇരുവർക്കും ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. കൂടാതെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷയായി ചുമത്തി.
ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
2021-ൽ നടന്ന കൊലപാതകം
2021 ഡിസംബർ 13-ന് പുലർച്ചെ ഏകദേശം 1 മണിയോടെയാണ് സംഭവം നടന്നത്. ഒരുമിച്ച് ജീവിക്കാൻ പ്രതികൾ മൻസൂർ മാലിക്കിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം വീട്ടുപറമ്പിൽ കുഴിച്ചുമൂടുകയും ചെയ്തു.
കാണാനില്ല എന്ന് പരാതി
സംഭവത്തിന് ശേഷം ഭർത്താവ് കാണാതായതായി എന്ന് രേഷ്മ ബീവി ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ബംഗാളിൽ നിന്ന് പ്രതിയെ പിടികൂടി
കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ബീരുക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് തൃശ്ശൂർ റൂറൽ പൊലീസ് പശ്ചിമ ബംഗാളിൽ നിന്ന് ഇയാളെ പിടികൂടി.
ചേർപ്പ് പൊലീസ് സ്റ്റേഷൻ എ.എസ്.ഐ ജോയ് തോമസ്, സി.പി.ഒ റിൻസൺ, അൻവർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണവും കുറ്റപത്രവും
അന്നത്തെ ചേർപ്പ് എസ്.എച്ച്.ഒ ഷിബു ടി.വിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ് ടി.ജി, ജി.എ.എസ്.ഐ സരസപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary:
A court in Thrissur found Reshma Beevi and her lover Biru guilty of murdering Mansoor Malik (40), a West Bengal native living in Cherpu. The accused killed him in December 2021 and buried the body in the house compound. The court sentenced both to life imprisonment and a fine of ₹3 lakh each for murder, along with five years’ imprisonment and a ₹1 lakh fine for destroying evidence.









