ഗ്രൂപ്പുകളിലേക്ക് അയച്ചാൽ 20,000 രൂപ സമ്മാനമെന്ന് വ്യാജ സന്ദേശം! ലുലുവിന്റെ പേരിൽ കറങ്ങുന്ന ലിങ്കുകളിൽ തൊട്ടാൽ പോക്കറ്റ് ചോരും
കൊച്ചി: വാർഷികാഘോഷവും ബലിപെരുന്നാൾ ഓഫറുകളും ചൂണ്ടിക്കാട്ടി ലുലു ഹൈപ്പർമാർക്കറ്റിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സമ്മാന വാഗ്ദാനങ്ങൾക്കെതിരെ ലുലു അധികൃതർ മുന്നറിയിപ്പ് നൽകി. വാട്സാപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന ഓൺലൈൻ ലിങ്കുകൾ സൈബർ തട്ടിപ്പിന്റെ ഭാഗമാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
“ലുലു വാർഷികാഘോഷത്തിന്റെ ഭാഗമായി സമ്മാനങ്ങൾ നൽകുന്നു” എന്ന പേരിലാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ലിങ്കിൽ പ്രവേശിക്കുന്നവരെ കന്നഡ, തെലുങ്ക് ഭാഷകളിലുള്ള വ്യാജ വെബ്‌പേജുകളിലേക്കാണ് തിരിച്ചുവിടുന്നത്.
ലുലുവിന്റെ ഔദ്യോഗിക ലോഗോ, ലുലു മാളിന്റെ ചിത്രങ്ങൾ, ചെയർമാൻ എം.എ. യൂസഫലിയുടെ ചിത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ 20,000 രൂപ സമ്മാനം ലഭിക്കുമെന്നാണ് പേജിൽ കാണിക്കുന്നത്. ഇതിനൊപ്പം സമ്മാനം ലഭിച്ചവരെന്ന രീതിയിൽ വ്യാജ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രായം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ “സമ്മാനം ലഭിച്ചു” എന്ന സന്ദേശം പ്രത്യക്ഷപ്പെടും. തുടർന്ന് സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരവും കാണിക്കും.
എന്നാൽ സമ്മാനം ലഭിക്കാൻ ഈ സന്ദേശം വിവിധ ആപ്പുകളിലെ അഞ്ച് ഗ്രൂപ്പുകളിലായി 20 പേർക്ക് പങ്കുവെക്കണമെന്ന് പിന്നീട് ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ പ്രധാന രീതി. അതിനുശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ കഴിയൂവെന്നാണ് കാണിക്കുന്നത്.
ഇത്തരത്തിലുള്ള യാതൊരു ഓഫറും ലുലു പ്രഖ്യാപിച്ചിട്ടില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വ്യാജ ലിങ്കുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഉപഭോക്താക്കൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും വിശ്വസനീയമായ സാമൂഹ്യമാധ്യമ പേജുകളിലൂടെയും മാത്രമേ ഓഫറുകൾ പരിശോധിക്കാവൂ എന്നും ജാഗ്രത പാലിക്കണമെന്നും ലുലു മാനേജ്മെന്റ് അഭ്യർഥിച്ചു.
English Summary
Lulu Hypermarket has warned customers against fake online prize offers circulating on social media in the name of anniversary and Bakrid promotions. The company clarified that the links are part of a cyber scam and urged people not to share personal information or forward such messages.









