മാസം രണ്ടര ലക്ഷത്തിലധികം ശമ്പളം, ഒപ്പം റഷ്യൻ പൗരത്വവും! യുവാക്കളെ മരണക്കെണിയിലേക്ക് തള്ളിവിട്ട ആ വൻ വാഗ്ദാനങ്ങൾ വെളിപ്പെടുത്തി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സേനയിൽ ചേർന്നതായും, ഇതിൽ 49 പേർ കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യയുമായി നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നും റഷ്യൻ അധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ സൈന്യത്തിൽ ചേർന്ന 23 ഇന്ത്യൻ പൗരന്മാരുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തതയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മോസ്‌കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടു വിവരശേഖരണം നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രത്തിനായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ഹാജരായി.
കാണാതായവരെ കണ്ടെത്തുന്നതിനും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ അടുത്ത ബന്ധുക്കളുടെ ഡി.എൻ.എ വിവരങ്ങൾ റഷ്യൻ അധികാരികൾക്ക് കൈമാറിയതായും കേന്ദ്രം അറിയിച്ചു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കുടുംബങ്ങളെ തുടർച്ചയായി വിവരങ്ങൾ ധരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹർജിയിൽ പരാമർശിച്ച 26 പേരിൽ 14 പേർ മരിച്ചതായും 11 പേരെ കാണാതായതായും റഷ്യൻ അധികൃതർ അറിയിച്ചതായി കേന്ദ്രം വ്യക്തമാക്കി. ഒരാൾ ലൈംഗിക പീഡനക്കേസിൽ എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
ആകർഷകമായ ശമ്പള വാഗ്ദാനങ്ങളോടെയാണ് പല ഇന്ത്യൻ പൗരന്മാരും റഷ്യൻ സൈന്യത്തിൽ ചേർന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഏകദേശം 5,000 അമേരിക്കൻ ഡോളർ മുൻകൂർ ബോണസ്, പ്രതിമാസം 2,500 ഡോളർ ശമ്പളം, റഷ്യൻ പൗരത്വം, മറ്റ് ആനുകൂല്യങ്ങൾ, മരിച്ചാൽ ഏകദേശം 1,68,000 ഡോളർ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
2024 ഫെബ്രുവരി മുതൽ ഇത്തരം റിക്രൂട്ട്മെന്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, അനധികൃത മനുഷ്യക്കടത്ത്-റിക്രൂട്ട്മെന്റ് ശൃംഖലകൾക്കെതിരെ നടപടി ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു.
English Summary
The Indian government informed the Supreme Court that 217 Indian citizens joined the Russian military during the Russia-Ukraine war, and 49 of them have died. The Centre also stated that 139 Indians have been rescued through diplomatic efforts, while several others remain missing.









