നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി
തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം.
കേസിലെ നിർണായക തെളിവായ മർദന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നായിരുന്നു പൊലീസ് നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ഈ ദൃശ്യങ്ങളെക്കുറിച്ച് പരാമർശമുണ്ടായിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ആദ്യ റിപ്പോർട്ടിൽ മർദനം ഡ്യൂട്ടിക്കിടെയുണ്ടായ സംഭവമെന്ന രീതിയിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റിപ്പോർട്ടിൽ മാറ്റം വരുത്തി വീഡിയോ കണ്ടിട്ടില്ലെന്ന നിലപാട് ഉൾപ്പെടുത്തിയതായും അന്വേഷണസംഘം സംശയിക്കുന്നു.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ തിരുവനന്തപുരം പേരൂർക്കടയിലെ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ട് തവണ വിളിച്ചുവരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് അന്വേഷണ റിപ്പോർട്ടിൽ വലിയ മാറ്റങ്ങൾ വന്നതെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ.
എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോൾ പുനരന്വേഷിക്കുന്നത്. മുൻ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പിമാരുടേയും എസ്‌ഐമാരുടേയും മൊഴികൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ രക്ഷിക്കാനായി ബോധപൂർവമായ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. അട്ടിമറിക്ക് പിന്നിലെ ഉന്നതരെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
സംഭവത്തിൽ ഉൾപ്പെട്ട നാല് ഗൺമാൻമാർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. മർദന ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എസ്‌ഐടി കണ്ടെത്തിയതായാണ് വിവരം.
ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്‌പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് ഒതുക്കിവച്ചതായും റിപ്പോർട്ടുകളുണ്ട്.
അന്വേഷണ റിപ്പോർട്ട് ഉടൻ ആഭ്യന്തര വകുപ്പിനും ഡി.ജി.പി യ്ക്കും കൈമാറുമെന്നാണ് വിവരം.
English Summary
The Special Investigation Team probing the assault on Youth Congress workers during the Nava Kerala Sadas has reportedly found indications of high-level interference aimed at protecting former Chief Minister Pinarayi Vijayan’s gunmen. The SIT suspects that key investigation reports were altered.









