പട്ന: ബിഹാറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രണ്ട് വയസുകാരനെയാണ് ബലി നൽകിയത്. സംഭവത്തിൽ യുവതിയുൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിലായി. മകൾ ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകണമെന്ന മന്ത്രവാദിയുടെ നിർദേശ പ്രകാരമാണ് അരുംകൊല.
ഉത്തർപ്രദേശ് സ്വദേശിയായ കുട്ടി ജനുവരി 22നാണ് അമ്മയോടൊപ്പം അമ്മയുടെ സഹോദരന്റെ വിവാഹത്തിനായി ബിഹാറിലെത്തുന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ജനുവരി 29 നാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൈകാലുകൾ ഛേദിക്കപ്പെട്ട് അഴുകിയ നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബലി നൽകിയതാണെന്ന് കണ്ടെത്തിയത്.
കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ മുറിച്ചുമാറ്റുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ മന്ത്രവാദിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം ഊർജ്ജിതമായി നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.