നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന അനിൽ കുമാർ ഉൾപ്പെടെ എസ്‌കോർട്ട് സംഘത്തിലെ സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി.
പ്രതിഷേധക്കാരെ മർദിച്ചത് ചട്ടവിരുദ്ധമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക പൊലീസ് പ്രതിഷേധക്കാരെ ഇതിനകം നിയന്ത്രണത്തിലാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ
ലാത്തി ഉപയോഗിക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് മർദിച്ചുവെന്നാണ് കണ്ടെത്തൽ.
ഇതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ നിലനിൽക്കാമെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഞ്ച് പൊലീസുകാരെ പ്രതിചേർത്ത് ആലപ്പുഴ കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
സുരക്ഷാ ചുമതല നിർവഹിച്ച് മുന്നോട്ട് പോകേണ്ട ഉദ്യോഗസ്ഥർ, വി.ഐ.പി വാഹനം കടന്നുപോയതിന് ശേഷം വാഹനം നിർത്തി പ്രതിഷേധക്കാരെ ആക്രമിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
English Summary
Five police officers, including Chief Minister Pinarayi Vijayan’s former gunman, have been suspended in connection with the alleged assault on Youth Congress and KSU activists during the Nava Kerala Yatra in Alappuzha.
navakerala-yatra-police-assault-suspension
നവകേരള യാത്ര, പിണറായി വിജയൻ, പൊലീസ് സസ്‌പെൻഷൻ, ആലപ്പുഴ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, ക്രൈംബ്രാഞ്ച്, കേരള രാഷ്ട്രീയം, പൊലീസ് മർദനം, കേരള വാർത്ത









