വാഗ്ദാനം നൽകിയെങ്കിലും മോഡിഫിക്കേഷൻ ഇളവുകൾക്ക് ഹൈക്കോടതിയുടെ പൂട്ട്; കേന്ദ്ര നിയമവും സുപ്രീംകോടതി ഉത്തരവും സർക്കാരിന് വലിയ വെല്ലുവിളി… വണ്ടിപ്രാന്തന്മാർ അറിയാൻ
കൊച്ചി: പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വാഹന മോഡിഫിക്കേഷൻ ഇളവുകൾ നടപ്പാക്കുന്നതിൽ സർക്കാരിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന സൂചന. മോട്ടോർ വാഹന നിയമത്തിനും സുപ്രീംകോടതി നിർദേശങ്ങൾക്കും വിരുദ്ധമായ രൂപമാറ്റങ്ങളിൽ ഹൈക്കോടതി കടുത്ത ജാഗ്രത തുടരുന്നതാണ് പ്രധാന കാരണം.
അപകടകരമല്ലാത്ത രൂപമാറ്റങ്ങൾ അനുവദിക്കുമെന്നാണ് യു.ഡി.എഫ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 52-ാം വകുപ്പ് വാഹനങ്ങളുടെ രൂപമാറ്റം കർശനമായി നിയന്ത്രിക്കുന്നതാണ്. കൂടാതെ 2019ലെ സുപ്രീംകോടതി ഉത്തരവും നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു.
അനുവദിക്കാവുന്ന മോഡിഫിക്കേഷനുകൾ തരംതിരിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. എന്നാൽ ഏതുതരത്തിലുള്ള ഇളവുകളും നിയമപരമായ പ്രതിസന്ധികൾ സൃഷ്ടിക്കാമെന്ന ആശങ്ക നിലനിൽക്കുന്നു.
2024-25 കാലയളവിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളിൽ നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. വാഹനങ്ങളെ സമൂഹമാധ്യമങ്ങളിൽ വൈറലാക്കാൻ ശ്രമിച്ച വ്ളോഗർമാർക്കും നടപടികൾ നേരിടേണ്ടിവന്നു. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കുപോലും പ്രത്യേക അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അമിത വെളിച്ചമുള്ള ലൈറ്റുകൾ ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകളും രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി റോഡ് ഷോകൾ നടത്തിയവരുമാണ് കോടതിയുടെ കടുത്ത നടപടിക്ക് വിധേയരായത്.
ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങൾ
- വാഹനങ്ങളിൽ വലിയ രൂപമാറ്റം നടത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം; വാഹന ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തണം.
- രൂപമാറ്റം വഴി സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണം.
- ശബ്ദ-വായു മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ ഗതാഗത കമ്മിഷണർ നടപടി സ്വീകരിക്കണം. അധികമായി ഘടിപ്പിക്കുന്ന ഓരോ ലൈറ്റിനും 500 രൂപ വീതം പിഴ ഈടാക്കണം.
- നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനുകൾ പ്രചരിപ്പിക്കുന്ന വ്ളോഗർമാരുടെ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം.
English Summary
The Kerala government may face legal challenges in implementing promised relaxations for vehicle modifications, as the High Court continues to maintain a strict stand against unauthorized alterations. Existing Motor Vehicles Act provisions and Supreme Court guidelines impose severe restrictions on vehicle modifications, especially those affecting safety and pollution norms.
വാഹന മോഡിഫിക്കേഷൻ, കേരള ഹൈക്കോടതി, മോട്ടോർ വാഹന നിയമം, എംവിഡി, വാഹന രൂപമാറ്റം, കേരള വാർത്ത, റോഡ് സുരക്ഷ, വാഹന നിയമങ്ങൾ, ടൂറിസ്റ്റ് ബസ്, വ്ളോഗർമാർ








