അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!
തിരുവനന്തപുരം / ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ നടപടിയിലേക്ക് സർക്കാർ നീങ്ങുന്നതായി റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘം ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരായ സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് അന്വേഷണത്തിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറിയേക്കുമെന്നാണ് വിവരം. പിന്നാലെ സസ്‌പെൻഷൻ ഉത്തരവും പുറപ്പെടുവിക്കാനിടയുണ്ട്.
മർദനത്തിനിരയായ പ്രവർത്തകർ നൽകിയ ഹർജിയിൽ എസ്.ഐ.ടി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതികളായ പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടികൾ വേഗത്തിലാകുന്നത്.
എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരെയും നീക്കം?
കേസിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ സമ്മർദം ചെലുത്തിയെന്നാണ് മൊഴി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് കേസ് അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകിയതായും ആരോപണമുണ്ട്.
ഈ മൊഴികളുടെ അടിസ്ഥാനത്തിൽ എം.ആർ. അജിത്കുമാറിനെതിരെയും വകുപ്പുതല നടപടി സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
അറസ്റ്റ് സാധ്യതയും ശക്തം
പ്രതികളായ പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ നടപടിക്ക് പിന്നാലെ അറസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ കടുത്ത നടപടികളിലേക്കും അന്വേഷണസംഘം നീങ്ങുമെന്നാണ് സൂചന.
English Summary
The Kerala government is reportedly preparing to suspend five police officers, including a former gunman of the Chief Minister, in connection with the assault on KSU and Youth Congress workers during the Nava Kerala Yatra. Action against ADGP M.R. Ajith Kumar is also under consideration following allegations of interference in the investigation.









